നിയമലംഘനത്തിന് ഇ ചെലാന്‍; കോഴിക്കോട് നിന്ന് പിഴയിനത്തിൽ 13 ലക്ഷത്തിലധികം

ഗതാഗത നിയമലംഘനത്തിന് ഇ ചെലാന്‍ സംവിധാനം നടപ്പാക്കിയതിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ മൂന്നാഴ്ചയ്ക്കിടെ കണ്ടെത്തിയത് അയ്യായിരത്തിലധികം നിയമലംഘനങ്ങള്‍. പിഴയിനത്തില്‍ പതിമൂന്ന് ലക്ഷത്തിലധികം രൂപ ഈടാക്കി. ആരെയും ബോധപൂര്‍വം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനയില്ലെന്നാണ് പൊലീസിന്റെ നിലപാട്. 

നിയമലംഘനം കണ്ടാല്‍ വാഹന ഉടമയെ ബോധ്യപ്പെടുത്തി വേഗത്തില്‍ നടപടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ വാഹനത്തിന്റെ ചിത്രമെടുക്കലും പിഴയൊടുക്കി ചെലാന്‍ നല്‍കലും പൂര്‍ത്തിയാക്കും. അധികം കാത്തുനില്‍ക്കേണ്ടതില്ലെന്ന് മാത്രമല്ല പിഴത്തുക കൃത്യമായി പരാതികളില്ലാതെ ഖജനാവിലേക്കെത്തും. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതിലെ പോരായ്മ, സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് തുടങ്ങിയ ലംഘനങ്ങളാണ് പിടികൂടുന്നത്.

വിപുലമായ ബോധവല്‍ക്കരണത്തിന് ശേഷം മാത്രം പദ്ധതി നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്ന് ഒരുവിഭാഗം വാഹനയാത്രികര്‍. നിയമം നടപ്പാക്കുന്നതില്‍ ആശയക്കുഴപ്പം പാടില്ല.  സിറ്റി പൊലീസിന് 124 പി.ഒ.എസ് യന്ത്രങ്ങളാണ് ലഭിച്ചത്. ഇത് വിവിധ സ്റ്റേഷനുകളിലേക്കും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനുമായി വീതിച്ച് നല്‍കി. മുന്‍കാല നിയമലംഘനങ്ങളും കൈയ്യോടെ പിടികൂടാനാകുമെന്നതാണ് ഇ ചെലാന്‍ സംവിധാനത്തിന്റെ പ്രത്യേകത.