ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭിനന്ദിക്കുന്നു; പിന്തുണ പ്രഖ്യാപിച്ച് കെകെ ശൈലജ

യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമാര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും അഭനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിജയ് പി നായരുടേത് അങ്ങേയററം ഹീനമായ പ്രവര്‍ത്തിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിഷേധ മാര്‍ഗത്തേക്കുറിച്ച് പീന്നീട് ചിന്തിക്കാമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. 

യൂട്യൂബില്‍ അശ്ളീല വീഡിയോകളിട്ട വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രം. എന്നാല്‍ വിജയ് പി.നായരെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷമി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തി. പ്രതികരിച്ചതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറെന്ന് ഭാഗ്യലക്ഷമി മനോരമ ന്യൂസിനോട് പറഞ്ഞു. അതിനിടെ ഭാഗ്യലക്ഷമിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെയും കേസെടുത്തു.

അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായര്‍ രാത്രി നിലപാട് മാറ്റി   പരാതി നല്‍കി. അതിക്രമിച്ച് കയറല്‍, മര്‍ദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.