പരാതി പറഞ്ഞ് മടുത്തു; ഒടുവിൽ പൊലീസുകാർ കുഴിയടച്ചു

ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി

റോഡിലെ കുഴിയെ കുറിച്ച് പരാതിപ്പെട്ട് മടുത്തതോടെ കല്ലും മണ്ണും ചുമന്നിട്ട് പൊലീസുകാർ തന്നെ കുഴിയടച്ചു. കോട്ടയം കുമളി റോഡിൽ കഞ്ഞിക്കുഴിക്ക് സമീപമുള്ള കുഴിയാണ് ട്രാഫിക് പൊലീസുകാർ ചേർന്ന് അടച്ചത്. പൊലീസ് കുഴിയടച്ചത് അറിഞ്ഞതോടെ പിന്നാലെയെത്തി പൊതുമരാമത്ത് വകുപ്പും കുഴി അടച്ചു.

ട്രാഫിക് സ്റ്റേഷനിലെ എഎസ്ഐ കെ.കെ.പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ വേണുഗോപാൽ, കൺട്രോൾ റൂം എസ്ഐ നടരാജൻ ചെട്ടിയാർ, എഎസ്ഐ പി.കെ.സന്തോഷ്, എം.ഷമീർ എന്നിവരാണ് കുഴിയടയ്ക്കുന്നതിനായി കല്ലും മണ്ണും ചുമന്നെത്തിയ പൊലീസുകാർ. റോഡിലെ കുഴിയുടെ കാര്യം പലവട്ടം വിളിച്ചു പറഞ്ഞു. കുഴി വലുതായിട്ടും അടയ്ക്കുന്ന ലക്ഷണം കാണുന്നില്ല. ഗതാഗതക്കുരുക്കും രൂക്ഷമായതോടെ  ജീപ്പിൽ കല്ലു കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസുകാർ പറയുന്നു. വെട്ടുകല്ല് നനച്ച് കുഴിയിലിട്ട ശേഷം ബസ് കല്ലിലൂടെ കയറ്റിച്ചാണ് കുഴി അടച്ചതെന്നും ട്രാഫിക് സ്റ്റേഷൻ എഎസ്ഐ കെ.കെ. പ്രസാദ് വ്യക്തമാക്കി.

അതേസമയം റോഡിൽ വെള്ളക്കെട്ടായതിനാലാണ് കുഴി അടയ്ക്കാൻ വൈകിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.