പാടങ്ങളിൽ മോദിയുടെ കോലം കുത്തും; വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്. കൃഷിയിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം നാട്ടി പ്രതിഷേധിക്കുമെന്ന് പി.കെ ഫിറോസ് വ്യക്തമാക്കി. രാജ്യമെങ്ങും വലിയ പ്രതിഷേധമാണ് കർഷകരും പ്രതിപക്ഷ പാർട്ടികളും ഉയർത്തുന്നത്. 

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക ബില്ലുകൾക്കെതിരെ പ്രക്ഷോഭം തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഡൽഹി, ബംഗാൾ, കർണാടക സംസ്ഥാനങ്ങളിൽ മാർച്ചുകളും ധർണയും അരങ്ങേറി. ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പാർലമെന്റ് മാർച്ച് നടത്തി. കൊൽക്കത്തയിൽ തൃണമൂൽ വനിതാ വിഭാഗം കുത്തിയിരിപ്പു സമരം നടത്തി. പഞ്ചാബിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. 

ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ ഭീകരരാണെന്ന ബോളിവുഡ് നടി കങ്കണ റനൗത്തിന്റെ പരാമർശം കർഷക രോഷത്തിനിടയാക്കി. പാർലമെന്റിനു പുറത്തും പ്രതിപക്ഷ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനകളുമായി കോൺഗ്രസ് രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്തുകള്‍ക്കായി പാവങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് കാര്‍ഷിക ബില്ലുകളെയും തൊഴില്‍ ചട്ടങ്ങളെയും എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കരുത്താര്‍ജ്ജിക്കുകയാണ്. ടി.എന്‍.പ്രതാപന്‍ എംപിയും കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും.   

മിനിമം താങ്ങുവിലയിലും കുറച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ ജെഡിയു രംഗത്തുവന്നു. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ട്രെയിന്‍ തടഞ്ഞു. കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധവും തുടങ്ങി. രാജ്യത്തെ നൂറ്റിയമ്പതോളം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഒാള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിേനഷന്‍ സമിതി പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭം നാളെ നടക്കും.