ശമ്പളം പിടിക്കൽ; ചർച്ചയ്ക്ക് യോഗം; സമാശ്വാസ നടപടികളോട് സഹകരിക്കണമെന്ന് സർക്കാർ

ശമ്പളം പിടിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സർക്കാർ ചൊവ്വാഴ്ച സംഘടനകളുടെ യോഗം വിളിച്ചു. ഭരണ പ്രതിപക്ഷ സംഘടനകൾ ശമ്പളം മാറ്റിവെക്കുന്നതിനെതിരെ രംഗത്തെത്തിയതോടെയാണ് സർക്കാർ യോഗം വിളിച്ചത്. കോവിഡിൽ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകൾ അടക്കമുള്ള സമാശ്വാസ നടപടികൾ നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നാണ് സർക്കാർ വാദം. 

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സംഘടനകളുമായുള്ള യോഗത്തിൽ സർക്കാർ അറിയിക്കും. സാലറി കട്ടിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ സംഘടനകൾക്ക് പിന്നാലെ ഭരണപക്ഷ സംഘടനകളായ എൻ.ജി.ഒ യൂണിയനും, സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനും  സാലറി കട്ടിനെതിരെ രംഗത്തെത്തിയിരുന്നു.ജി.എസ്.ടി നഷ്ടപരിഹാര സെസ് കിട്ടാത്തതും  സൗജന്യ ഭക്ഷ്യ കിറ്റ് അടക്കമുള്ള കോവിഡ് സമാശ്വാസ പരിപാടികളുമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് സർക്കാർ വാദം. അതു കൊണ്ടു തന്നെ നിലവിലെ ശമ്പളം മാറ്റിവെക്കലിനോടു സഹകരിക്കണമെന്നാണ് സർക്കാർ അഭ്യർഥന. അടുത്ത മാസം മുതൽ തന്നെ ശമ്പളം മാറ്റി വെയ്ക്കുന്ന നടപടികൾ ആരംഭിക്കും. ഇതിനൊപ്പം തന്നെ വായ്യകൾ തിരിച്ചുപിടിക്കുന്നതിനു സാവകാശം അനുവദിക്കുന്നതടക്കമുള്ള സമാശ്വാസ നടപടികളും ജീവനക്കാർക്കായി പ്രഖ്യാപിച്ചേക്കും.

അതേ സമയം വീണ്ടും ശമ്പളം പിടിക്കുന്ന നടപടികളുമായി മുന്നോട്ടു പോയാൽ സമരം ശക്തമാക്കാനും കോടതിയെ സമീപിക്കാനുമാണ് പ്രതിപക്ഷ തീരുമാനം. മാസത്തിൽ അഞ്ചു ദിവസത്തെ ശമ്പളം വീതം ആറു മാസത്തേക്കു മാറ്റിവെയ്ക്കാനാണ് സർക്കാർ തീരുമാനം