ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പതിവ്; കോട്ടക്കുന്നില്‍ കരിങ്കല്‍ ക്വാറിക്ക് അനുമതി; പ്രതിഷേധം

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പതിവായ കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നു. നൂറോളം കര്‍ഷക കുടുംബങ്ങളാണ് കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. കഴിഞ്ഞദിവസം ഉരുള്‍പൊട്ടല്‍ ഉണ്ടായതും ഈ മേഖലയിലാണ്.  

കഴിഞ്ഞദിവസം കോട്ടക്കുന്ന് മലയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡും വഴിയുമാണിത്. തലനാരിഴയ്ക്കാണ് മൂന്ന് കുടുംബങ്ങള്‍ അന്ന് രക്ഷപ്പെട്ടത്. താഴേയ്ക്ക് ഉരുണ്ടിറങ്ങാന്‍ പാകത്തില്‍ നിരവധി പാറകളാണ് മലയോട് ചേര്‍ന്നുള്ളത്. മഴക്കാലമാകുമ്പോള്‍ അതീവ ഭീതിയിലാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. കോട്ടക്കുന്നിലെ കുണ്ടുപ്പള്ളി മലനിരകളിലാണ് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്നത്. നാട്ടുകാരുടെ ഇപ്പോഴത്തെ ആശങ്കയ്ക്ക് പ്രധാന കാരണവും കരിങ്കല്‍ ഖനനം തന്നെ. വലിയ സ്ഫോടനങ്ങള്‍ നടത്തിയാല്‍ ജീവനുതന്നെ ഭീഷണിയുണ്ടാകുമെന്നാണ് പരാതി. 

മണ്ണിടിച്ചില്‍ മുതല്‍ ഉരുള്‍പൊട്ടലിന് വരെ സാധ്യതയുള്ള പ്രദേശത്ത്,, പ്രവര്‍ത്തനം തുടങ്ങാന്‍ ഇരിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ കലക്ടര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.