ഖുറാന്‍ അറബി മലയാളത്തില്‍; തെറ്റു പറ്റി; ഖേദം പ്രകടിപ്പിച്ച് ജെയ്ക്

ചാനലുകളില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കൂടുതല്‍ ദിവസവങ്ങളിലും ഉണ്ടാകുന്നത്. പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കാന്‍ കിട്ടുന്ന സുവര്‍ണാവസരം നേതാക്കള്‍ നഷ്ടപ്പെടുത്താറില്ല. ഇഞ്ചോടിഞ്ച് നടക്കുന്ന വാഗ്വാദങ്ങള്‍ ചിലപ്പോള്‍ അതിരു കടക്കാം, വ്യക്തിഹത്യയിലേക്കു പോകാം. മറ്റു ചിലപ്പോള്‍ അബദ്ധങ്ങളിലേക്കും നയിക്കും. അത്തരം ഒരു തെറ്റ് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസിനും പിണഞ്ഞു. മനോരമ ന്യൂസില്‍ ചര്‍ച്ചക്കിടെ കേരളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നത് അറബി മലയാളത്തിലായിരുന്നുവെന്ന് ജെയ്ക്കിന്റെ വാദം വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ജെയ്ക്ക് തെറ്റു ഏറ്റുപറഞ്ഞ് ഖേദപ്രകടനം നടത്തി. 

സംസാരമധ്യേ സംഭവിച്ച പിഴവാണെന്നും അപ്പോള്‍ തന്നെ തിരുത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ഇത്തരമൊരു തെറ്റ് ഉണ്ടാകാന്‍ പാടില്ലെന്നും ജെയ്ക്ക് വിശദീകരിച്ചു. 

ജെയ്കിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മനോരമ ന്യൂസിൽ നടന്ന സംവാദത്തിൽ അറബി മലയാളത്തിലാണ് കേരളത്തിൽ വിശുദ്ധ ഖുർആൻ പ്രിന്റ് ചെയ്യുന്നത് എന്ന് പറഞ്ഞത് സംസാര മദ്ധ്യേ സംഭവിച്ച പിഴവാണ്. മലബാറിലെ സാധാരണക്കാരായ മുസ്‍ലിംകള്‍ അറബി മലയാളം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത്തരം സാധാരണക്കാരായ വിശ്വാസികൾക്ക് അനായാസം പാരായണം ചെയ്യുവാൻ കഴിയും വിധമുള്ള അറബി മലയാളം അഥവാ ഖത്ത് ഫുന്നാനി (പൊന്നാനി ലിപി) ലിപിയിലാണ് വി.ഖുർആൻ തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള പ്രസ്സുകളിൽ പ്രിന്റ് ചെയ്യുന്നത് എന്നാണ് ചൂണ്ടികാട്ടുവാൻ ആഗ്രഹിച്ചത്. പിഴവുണ്ടായി തൊട്ടടുത്ത നിമിഷം തന്നെ അറബി മലയാളം ലിപി എന്നു പറഞ്ഞ് തിരുത്തിയെങ്കിലും ആദ്യമുണ്ടായ തെറ്റു പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴീ വിശദീകരണം നൽകുന്നത്.

ചർച്ചയ്ക്കിടെ മന:പൂർവമല്ലാതെ സംഭവിച്ച വീഴ്ച്ച ആർക്കെങ്കിലും മനോവിഷമം സൃഷ്ടിച്ചുവെങ്കിൽ ഖേദം അറിയിക്കുന്നു. അറബ് രാജ്യങ്ങളിലും കേരളത്തിലും മുൻപുണ്ടായിരുന്ന ലിപി വ്യതാസത്തെ പൂർണാർത്ഥത്തിൽ പ്രതിഫലിപ്പിക്കുക ആയിരുന്നു ലക്ഷ്യമെങ്കിലും സംഭവിച്ച പിഴവിനെ തെല്ലും ന്യായീകരിക്കുന്നില്ല. ലിപിഭേദങ്ങളെയും, പിശകുകളെയും ഒക്കെ സമഗ്രമായി ചൂണ്ടിക്കാണിച്ച മുഴുവൻ ആളുകളുടെയും നിർദേശങ്ങളെയും വിമർശനങ്ങളെയും കൃതജ്ഞതയോടെ തന്നെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അപ്പോഴും ‘ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് മക്തൂമിന്റെ സ്മരണയ്ക്ക്’ എന്ന് ആലേഖനം ചെയ്ത, ഈ ഖുറാനുകൾ കേരളത്തിലെ വിപണിയിൽ വാങ്ങാൻ കിട്ടില്ല എന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നു. ചർച്ചയിൽ മുസ്‍ലിം ലീഗ് പ്രതിനിധി പറഞ്ഞതു പോലെ തൂക്കം ഒപ്പിക്കാൻ അടുത്ത കടയിൽ നിന്നു വാങ്ങി വയ്ക്കാവുന്നതല്ല യു.എ.ഇയിൽ നിന്ന് അയച്ചിട്ടുള്ള ഈ വി.ഖുറാനുകൾ.

NB: ഇതു സംബന്ധിയായ വന്ന ട്രോളുകളും ശ്രദ്ധയിൽ പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാ ഗാന്ധി എന്നു പണ്ടൊരു യുവനേതാവ് പറഞ്ഞതിന്റെ ഏഴയലത്തു എത്താൻ പോലും എനിക്ക് സാധിക്കാഞ്ഞതിൽ ക്ഷമിക്കുക.