ഓണത്തിരക്ക്; പ്രവർത്തനസമയം നീട്ടണമെന്ന് വ്യാപാരികൾ

ഓണത്തിരക്ക് കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാത്രി 9 വരെയെങ്കിലും നീട്ടണമെന്ന ആവശ്യവുമായി വ്യാപാരികളുടെ സംഘടന. രാത്രി ഏഴ് മണിക്ക് കടകള്‍ അടയ്ക്കണമെന്ന നിര്‍ദേശം തിരക്ക് കൂടുന്നതിനും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ബുദ്ധിമുട്ടിനും ഇടയാക്കുന്നു. കൂടുതല്‍ സമയം അനുവദിച്ചില്ലങ്കില്‍ ഓണക്കാലത്തും വലിയ നഷ്ടം നേരിടേണ്ടിവരുമെന്നുമാണ് വ്യവസായലോകത്തെ ആശങ്ക.

കൃത്യം രാത്രി ഏഴ് മണി, കടകള്‍ അടച്ചിരിക്കണം. പക്ഷെ അത്യാവശ്യക്കാര്‍ പോലും അപ്പോഴും ഊഴം കാത്ത് നില്‍പ്പുണ്ടാകും. ഈ ആവസ്ഥയ്ക്ക് ഒരു മാറ്റമാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

ലോക്ഡൗണ്‍  സൃഷ്ടിച്ച പഞ്ഞക്കാലത്തില്‍ നിന്ന് കരകയറാന്‍ ഓണത്തിലാണ് പ്രതീക്ഷയെല്ലാം. നാളെ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും കിട്ടുന്നതോടെ തിരക്ക് വീണ്ടും കൂടിയേക്കാം. ഏഴ് മണിക്ക് കട അടയ്ക്കണമെന്ന വ്യവസ്ഥ തുടര്‍ന്നാല്‍ കച്ചവടം നഷ്ടത്തിലാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഭൂരിഭാഗം പേരും ജോലി കഴിഞ്ഞ് വൈകിട്ടാണ് ഷോപ്പിങ്ങിനിറങ്ങുക. സമയം നീട്ടിയില്ലങ്കില്‍ തിരക്ക് കൂടും. സാമൂഹിക അകലം പോലും പാലിക്കാനാവാതെ വരുമെന്നും ഇവര്‍ പറയുന്നു. പൊലീസിന്റെ നിയന്ത്രണങ്ങള്‍ക്ക് ഏകീകൃത സ്വഭാവമില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. ചില ജില്ലകളില്‍ ഞായറാഴ്ച കട തുറക്കാന്‍ അനുവദിക്കില്ല. ചിലയിടങ്ങളില്‍ ഏഴിന് മുന്‍പ് തന്നെ നിര്‍ബന്ധിച്ച് അടപ്പിക്കുന്നു. ഒരു റോഡിന്റെ ഒരു വശത്തെ കടകള്‍ അനുവദിക്കുമ്പോള്‍ എതിര്‍വശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇതിനും മാറ്റം വേണം. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലാണ് വ്യാപാരമേഖല ഒന്നടങ്കം ആവശ്യപ്പെടുന്നത്.