കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു; ഉദ്യോഗസ്ഥർ കുടുങ്ങി

ഉരുള്‍പൊട്ടലില്‍ കോഴിക്കോട് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നത് വീണ്ടും ജീവനക്കാരെ പ്രതിസന്ധിയിലാക്കി. ഡാം സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാരും കെ.എസ്.ഇ.ബി വനം ഉദ്യോഗസ്ഥരും ദിവസങ്ങളായി മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുന്‍പ് തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാത്തതാണ് വീണ്ടും ദുരിതം വിതച്ചത്. 

സമയബന്ധിതമായി തീര്‍ക്കേണ്ട പണികള്‍ ഇഴഞ്ഞതിന്റെ പാഠമാണ് കക്കയത്ത് കണ്ടത്. രണ്ട് വര്‍ഷം മുന്‍പ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന റോഡില്‍ ചിലയിടങ്ങളില്‍ പേരിന് അറ്റകുറ്റപ്പണി നടത്തി. കഴിഞ്ഞവര്‍ഷത്തെ ഉരുള്‍പൊട്ടലില്‍ ഇതേഭാഗത്ത് വീണ്ടും റോഡ് തകര്‍ന്നു. ഡാമിലേക്ക് നിര്‍ബന്ധമായി എത്തേണ്ട ജീവനക്കാരുടെ ശ്രമം കൊണ്ട് മാത്രം വാഹനം കടന്നുപോകാന്‍ കഴിയുന്ന മട്ടില്‍ റോഡ് പുനര്‍നിര്‍മിച്ചു. അപ്പോഴും യഥാര്‍ഥ പണികള്‍ നടത്തേണ്ട ഉത്തരവാദിത്തം ആര്‍ക്കെന്ന ചിന്തയിലായിരുന്നു പൊതുമരാമത്ത് വകുപ്പ്. കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും കക്കയം വാലിയുള്‍പ്പെടെ തകര്‍ന്നു. ഡാം സൈറ്റില്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ മടങ്ങാന്‍ കഴിയാതെ കുടുങ്ങി. ആശുപത്രി അത്യാവശ്യമുണ്ടായാല്‍ തലച്ചുമടായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് താഴെയെത്തിക്കേണ്ടി വരും. പുനര്‍നിര്‍മാണം വൈകില്ലെന്ന് കലക്ടറുള്‍പ്പെടെ ആവര്‍ത്തിച്ച് അറിയിച്ചെങ്കിലും ദുരിതം തീര്‍ക്കാന്‍ യാതൊന്നുമുണ്ടായില്ല. 

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്. സഞ്ചാരികളില്ലാത്തതിനാല്‍ പ്രതിസന്ധിയില്ല.  എന്നാല്‍ ഡാം സുരക്ഷയ്ക്കായി ഇരുപത്തി നാല് മണിക്കൂറും ജോലിയിലുള്ള ജീവനക്കാര്‍ക്ക് റോഡ് തകര്‍ന്നത് വരുംദിവസങ്ങളില്‍ തീരാദുരിതമാകും.