ആ സല്ല്യൂട്ട് അടിച്ചയാളെ ‘വെറുതെ വിട്ടു’; നടപടി വേണ്ടന്ന് തീരുമാനം

കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടന്ന് തീരുമാനം. പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ധാരണ. മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍  നിസാര്‍ അരിപ്രക്കെതിരെ സല്യൂട്ടിന്റെ പേരില്‍ നടപടി എടുക്കരുതെന്ന പൊതുവികാരവും ഉയര്‍ന്നിരുന്നു.  

കരിപ്പൂര്‍ അപകട സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍ നിസാര്‍ അരിപ്ര രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റീനില്‍ കഴിയുന്ന മുക്കൂട്ടെ 4 വീടുകളിലെത്തിയിരുന്നു. എല്ലാം മറന്ന് രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചെറുപ്പക്കാരുടെ ക്വാറന്റീന്‍ വിവരങ്ങള്‍ അന്വേഷിച്ചതിനൊപ്പം സ്നേഹവും ഐക്യദാര്‍ഢ്യവും അറിയിച്ചു. രണ്ടു വീടുകളില്‍ താമസിച്ചവര്‍ക്ക് മടങ്ങും മുന്‍പ് നല്‍കിയ സല്യൂട്ടാണ് വിവാദമായത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരള പൊലീസിന്റെ ബിഗ് സല്യൂട്ട് എന്ന പേരില്‍ ചിത്രം പ്രചരിച്ചതോടെയാണ് പൊലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. 

എന്നാല്‍ നിസാര്‍ അരിപ്രയുടെ സല്യൂട്ട് ദുരുദ്ദേശപരമല്ലെന്നും സേനയെ അപമാനിക്കാന്‍ ബോധപൂര്‍വം ചെയ്തത് അല്ലെന്നുമുളള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടിയാണ് നടപടി വേണ്ടന്നു വച്ചത്. സല്യൂട്ടിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിലൂടെ മലപ്പുറം കലക്ടര്‍ക്കും സന്ദേശമയച്ചിരുന്നു