'കൈകൾ അടർന്ന് എന്റെ കയ്യിലെത്തി; രക്ഷിക്കണേ എന്ന നിലവിളി; വാരിയെടുത്ത് ഓടി'

കരിപ്പൂർ വിമാനത്താവളത്തിനടുത്താണ് അഭിലാഷിന്റെ വീട്. കാതടിപ്പിക്കുന്ന ശബ്ദം കേട്ടാണ് പുറത്തെത്തിയത് എന്തോ സംഭവിച്ചെന്നു മനസിലാക്കി, കൂട്ടുൂകാരെയും വിളിച്ച് എയർപോർട്ടിലേക്ക് ഓടി. ഗേറ്റിലെത്തിയപ്പോഴേക്കും കുറച്ചു നാട്ടുകാർ അവിടെ കൂടി നിൽക്കുന്നു. പൊലീസ് ഗേറ്റിനു മുന്നിൽ ആളുകളെ തടഞ്ഞു. അകത്തു നിന്നു നിലവിളികൾ കേൾക്കാമായിരുന്നെന്ന് അഭിലാഷ് പറയുന്നു. ഒടുവിൽ ആളുകൾ ബഹളം വച്ച് ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറി. വിമാനാപകടം നടന്ന സ്ഥലത്ത് ആദ്യമെത്തിയവരിൽ അഭിലാഷും ഉണ്ടായിരുന്നു. 

''വിമാനത്തിനുള്ളിൽ ആദ്യം കണ്ടത് രക്ഷിക്കണേ എന്നു നിലവിളിക്കുന്ന ഒരു പുരുഷനെയാണ്. ആർത്തനാദത്തോടെ നിലവിളിച്ച അയാൾ സീറ്റിനിടയിൽ കുടുങ്ങിയതാണ്. രക്ഷിക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ, കയ്യിൽ പിടിച്ചു മുകളിലേക്കു വലിച്ചു. കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'', അഭിലാഷ് പറയുന്നു. 

അകത്തുകയറിയപ്പോൾ കണ്ടത് നടുവെ മുറിഞ്ഞ് 3 കഷ്ണങ്ങളായ വിമാനമാണ്. അതിനുള്ളിൽ ജീവനു വേണ്ടി പിടയുന്ന ആളുകളും. ആ കാഴ്ച കണ്ട് ആദ്യം മരവിച്ചു പോയി. പിന്നീട് ഓടിച്ചെന്ന് ആളുകളെ വാരിയെടുത്തു. കോവിഡാണ് സൂക്ഷിക്കണമെന്നൊക്കെ അതിനിടയിൽ ആരൊക്കെയോ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ, ജീവനുവേണ്ടി പിടയുന്നവരുടെ മുന്നിൽ തങ്ങൾക്ക് അതൊന്നും തടസ്സമായില്ലെന്നു അഭിലാഷ് പറയുന്നു. നടുഭാഗത്തുണ്ടായിരുന്നവരെ വേഗം രക്ഷിച്ചു. കുറെ മൃതശരീരങ്ങൾ ചതഞ്ഞരഞ്ഞതായി അഭിലാഷ് പറഞ്ഞു. 

വിമാനത്തിന്റെ പിൻഭാഗം കുന്നിനു മുകളിൽ നിന്ന് താഴേക്ക് കുത്തിനിൽക്കുന്ന നിലയിലായിരുന്നു. മുൻഭാഗം വേർപെട്ട് മാറിയും. ഈ രണ്ടു സ്ഥലങ്ങളിലുള്ളവരെ രക്ഷിച്ചെടുക്കാൻ കുറേ ബുദ്ധിമുട്ടി. മതിൽ പൊളിച്ചാണ് പൈലറ്റ് ഉൾപ്പെടെ മുൻഭാഗത്തുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ആദ്യം രക്ഷപ്പെടുത്തിയ 7 പേരെ അഭിലാഷും കൂട്ടുകാരും പുറത്തെത്തിച്ച് പിക്ക് അപ്പിൽ കയറ്റി. ആംബുലൻസുകളൊന്നും ആ സ്ഥലത്ത് എത്തിയിട്ടില്ലായിരുന്നെന്ന് അഭിലാഷ് പറയുന്നു.  പിക് അപ് കൂടാതെ നാട്ടുകാരുടെ കുറേയേറെ കാറുകളിലും ആളുകളെ കൊണ്ടുപോയി. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് കടന്നുപോയതെന്നും അഭിലാഷ് പറയുന്നു.