കുടപ്പനയിലെ യുവാവിന്റെ ദുരൂഹ മരണം; വനംവകുപ്പിന്റെ റിപ്പോർട്ട് വൈകും

പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച കേസില്‍ വനംവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകും. രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു  മുഖ്യവനം മേധാവിയുടെ ഉത്തരവ്. അതേസമയം നടപടിക്രമം പാലിക്കാതെയാണ് വനപാലകര്‍ യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസിന് ബോധ്യപ്പെട്ടു. 

സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ ചെയര്‍മാനായ പ്രത്യക അന്വേഷണസംഘത്തെയാണ് വനംവകുപ്പ് നിയോഗിച്ചിരുന്നത്. കൂടുതല്‍ ആളുകളുടെ മൊഴിയെടുക്കേണ്ടതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുമെന്ന് അന്വേഷണസംഘം അറിയിച്ചു.വനപാലകരുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി. ആര്‍. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പൊലീസ്അന്വേഷണം നടക്കുന്നത്. മത്തായിയെ സ്റ്റേഷനിലെത്തിച്ചിട്ടില്ലെന്നും, രാത്രി പത്തുമണിയ്ക്കാണ് ജി.ഡി രജിസ്റ്ററില്‍ കസ്റ്റഡി രേഖപ്പെടുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

ടി.ടി മത്തായിയുടെത് മുങ്ങിമരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇടുപ്പിലും കൈമുട്ടിലും പരുക്കുകളുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം.വനംവകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ നശിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മത്തായിയെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് മത്തായിയെ കുടുംബവീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.