ആദ്യ കാഴ്ച കറുത്ത പൊടി; പിന്നെ അമ്പരപ്പിച്ച് സ്വര്‍ണക്കൂന; രഹസ്യങ്ങളുടെ ബി നിലവറ

ചാക്കു നിറയെ സ്വർണമണികൾ, സ്വർണക്കയർ, വിഗ്രഹങ്ങൾ, കിരീടങ്ങൾ.. പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറയ്ക്കുള്ളിലുള്ളത് വിലമതിക്കാനാകാത്ത സ്വത്തുക്കൾ. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇതിൽ എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളും രത്നങ്ങളും കണ്ടെടുത്തത്. തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങൾ ഇന്നും അ‍ജ്ഞാതം. രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എ നിലവറയിലുള്ളതിനേക്കാൾ സ്വത്തുകൾ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്. പതിനാലാം നൂറ്റാണ്ടിൽ തന്നെ ക്ഷേത്രത്തിൽ നിലവറ ഉണ്ടായിരുന്നു എന്നാണ് മതിലകം രേഖകളിൽ പറയുന്നുണ്ട്.

2011 ജൂലൈ മാസത്തിലാണ് കോടതി നിർദേശപ്രകാരം എ നിലവറ തുറന്നത്. മനുഷ്യനെ അമ്പരപ്പിക്കുന്ന നിധിശേഖരവും രഹസ്യ അറകളുമാണ് കണ്ടെത്തിയത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കൾ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വർണമാലകൾ, രത്നം പതിച്ച സ്വർണക്കിരീടങ്ങൾ, സ്വർണക്കയർ, സ്വർണക്കട്ടികൾ, സ്വർണവിഗ്രഹം, ഒരു ചാക്ക് നിറയെ നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണ ദണ്ഡുകൾ, ചാക്ക് നിറയെ രത്നങ്ങൾ.. കഥകളിൽ കേട്ടതുപോലുള്ള നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നിൽ തെളിഞ്ഞത്.

∙ ഇറങ്ങിയപ്പോൾ പൊടി, പിന്നീട് തെളിഞ്ഞത് സ്വർണക്കൂന

എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോൾ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോൾ ആദ്യം പൊടി പിടിച്ച് കറുത്ത നിലംമാത്രമാണ് കണ്ടത്.  വായു സഞ്ചാരം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സ് അറയിലേക്ക് വായു പമ്പു ചെയ്‌തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്. കനത്ത കല്ലുപാളികൾ നീക്കിയപ്പോൾ താഴേക്കു കഷ്‌ടിച്ച് ഒരാൾക്കു മാത്രം ഇറങ്ങിപ്പോകാൻ കഴിയുന്ന പടികൾ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാൻ കഴിയുന്ന അറയിലേക്കാണ്. ഇവിടെ സേഫ് പോലെ നിർമിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്.

അറയിൽ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയം ഉയർന്നതിനെത്തുടർന്നു നാലു പേരടങ്ങിയ എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അറയ്‌ക്കകത്തു വായുസഞ്ചാരം ഇല്ലായിരുന്നു. താഴെ ഇറങ്ങുന്നവർക്ക് അൽപ സമയം മാത്രമേ അകത്തു നിൽക്കാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്വാസം കിട്ടാതെ തിരികെ കയറേണ്ടിവന്നു.

രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകൾ അറയിൽനിന്ന് കണ്ടെടുത്തു. പിറന്നാൾ പോലുള്ള വിശേഷാവസരങ്ങളിൽ കൊട്ടാരത്തിലുള്ളവരും മറ്റും ശ്രീപത്മനാഭനു കാണിക്കയായി സമർപ്പിച്ചവയായിരിക്കണം ശരപ്പൊളി മാലയെന്നാണു കരുതുന്നത്. ഒരു ചാക്ക് നിറയെ ബൽജിയം രത്നങ്ങളും കണ്ടെടുത്തു. രണ്ടായിരത്തോളം മാലകളിൽ നാലെണ്ണം 2.2 കിലോ തൂക്കം വരുന്ന ശരപ്പൊളി മാലകളാണ്. ഇവയ്‌ക്കു 18 അടി നീളമുണ്ടെന്നാണ് പുറത്തുവന്ന വാർത്തകൾ. 12 ഇഴകളായി നിർമിച്ച മാലയാണിത്. ഇതിന്റെ ലോക്കറ്റുകളിൽ കോടികൾ വിലവരുന്ന മാണിക്യ, മരതക രത്നങ്ങളാണ്. ‘ഒരു ലോക്കറ്റിൽ 997 വൈരക്കല്ലുകൾ, 19.5 ലക്ഷം സ്വർണനാണയങ്ങൾ (രാശിപ്പണം), സ്വർണം പൊതിഞ്ഞ 14,000 അർക്ക പുഷ്‌പങ്ങൾ’ - എ നിലവറയിൽ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ച് സുപ്രീംകോടതിയിൽ വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതിങ്ങനെ.

∙ രഹസ്യങ്ങളുടെ കേന്ദ്രം ബി നിലവറ

സർപ്പങ്ങൾ കാവൽനിൽക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവർ മരിക്കുമെന്നും വിവിധ കഥകളുണ്ട്. ഈ നിലവറ തുറന്നു പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ല. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായി റിപ്പോർട്ടു നൽകിയിരുന്നു. എന്നാൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂർ രാജകുടുംബം പറയുന്നു.

‘അറ തുറന്നിട്ടില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാൽ ഈ അറയ്‌ക്കപ്പുറം ഒരു വാതിലുണ്ട്. അതു കിഴക്കോട്ടു തുറക്കേണ്ട വിധത്തിലുള്ളതാണ്. ആ വാതിൽ തുറന്നിട്ടില്ല. അത് എന്തുകൊണ്ടാണെന്നു ഞങ്ങൾക്കാർക്കും അറിയില്ല’ – രാജകുടുംബത്തിലുള്ളവർ പറയുന്നു. ആ കതകിനപ്പുറം എന്താണെന്നു രാജകുടുംബത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ള ആർക്കും തന്നെ അറിയില്ല. ക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠ നടത്തുമ്പോൾ ആവാഹന ശക്‌തിയുടെ പ്രവാഹമുണ്ടാകും. അതൊരു ക്ഷേത്ര രഹസ്യമാണ്. ഒരുപക്ഷേ ബി നിലവറയുടെ രഹസ്യവും അതായിരിക്കും. നാം അറിയാത്ത പല രഹസ്യങ്ങളും പ്രപഞ്ചത്തിലുണ്ട്– അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി അന്ന് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.