കേസ് ഏറ്റെടുത്ത് വെറും 24 മണിക്കൂർ; മിന്നൽ നീക്കം; പ്രതികൾ അകത്ത്; എൻഐഎ മികവ്

കേസ് ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി മികവ് തെളിയിച്ചിരിക്കുകയാണ് എൻഐഎ. തെളിവ് നശിപ്പിക്കുന്നതിന് മുൻ അതിവേഗം നീങ്ങാനുള്ള എൻഐഎയുടെ നീക്കം പിഴച്ചില്ല. ഉച്ചയോടെ കൃത്യമായ വിവരം സംഘത്തിന് ലഭിച്ചതിനെ തുടർന്ന് ബംഗളുരുവിലെ അപ്പാർട്ട്മെന്റിലെത്തിയാണ് എൻഐഎ സംഘം സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ എടുത്തത്. ബംഗളുരു പൊലീസിന്റെ സഹായത്തോടെയാണ് എൻഐഎ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. 

പ്രതികൾക്ക് യാതൊരു വിധത്തിലുള്ള സംരക്ഷണവും പുറത്ത് നിന്ന് ലഭിക്കുന്നില്ല എന്നുറപ്പാക്കാൻ പഴുതടച്ച നീക്കവും എൻഐഎ നടത്തുന്നുണ്ട്.കൊച്ചിയിലെ കസ്റ്റംസ് ഓഫീസ്, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നിവയുടെ സുരക്ഷ സിആർപിഎഫാണ് ഏറ്റെടുത്തിരിക്കുന്നത്. ഫോൺ ഉൾപ്പടെ പിന്തുടർന്ന് പിടിക്കാൻ കഴിയുന്ന എല്ലാം ഒഴിവാക്കിയായിരുന്നു സ്വപ്നയുടെ യാത്ര. സ്വപ്നയുടെ മകൾ വിളിച്ച ഫോൺ കോൾ ചോർത്തിയാണ് എൻഐഎ സംഘം ഇവരെ വിദഗ്ധമായി കുടുക്കിയത്.

വ്യാഴാഴ്ചയാണ് കേസ്  കസ്റ്റംസിൽ നിന്ന് എൻഐഎ ഏറ്റെടുത്തത്. സ്വപ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളതിനാൽ വിധിവരും വരെ അന്വേഷണ സംഘം കാക്കുമെന്ന വിലയിരുത്തലിനെ അപ്രസക്തമാക്കുന്നതായിരുന്നു സംഘത്തിന്റെ മിന്നല്‍ നീക്കം. കീഴ്​വഴക്കം മറികടന്ന് യുഎപിഎ ചുമത്തി കേസ് എടുത്തതോടെ മുൻകൂർ ജാമ്യം ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്തു.

നേരിട്ട് എത്താൻ കഴിയാത്തതിനാൽ തൽക്കാലം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയത്. കഴിവതും വേഗം െതളിവുകൾ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ എൻഐഎ തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും അടക്കം സിസിടിവി ദൃശ്യങ്ങൾ വരുംദിവസങ്ങളിൽ ശേഖരിക്കും. ഇവ നശിപ്പിച്ചാൽ വീണ്ടെടുക്കുന്നതിനുള്ള വിദഗ്ധരും എൻഐഎയ്ക്കുണ്ട്.