സമ്പർക്ക വ്യാപനം കൂടുന്നു; എറണാകുളത്ത് കോവിഡ് പരിശോധന കൂട്ടുന്നു

എറണാകുളം ജില്ലയിലും കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്നു.  ഒരാഴ്ചക്കുള്ളില്‍  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച  ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്ന് പേരുടെ വൈറസ് ബാധയുടെ ഉറവിടവും കണ്ടെത്താനായില്ല. സമ്പര്‍ക്കബാധിതരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണവും കൂട്ടാന്‍ തീരുമാനമായി. 

കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100. ഇതില്‍ 15 പേര്‍ക്ക് വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ജൂണ്‍ 23ന് കോവിഡ് സ്ഥിരീകരിച്ച ചൊവ്വര കുടുംബാരോകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക, 27ന് രോഗം സ്ഥിരീകരിച്ച ബ്രോഡ്്വേയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ഇരുപത്്കാരന്‍, ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കാലടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക . ഇവരുടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തലാണ് ആരോഗ്യവകുപ്പ് നേരിടുന്ന വെല്ലുവിളി. രണ്ട് ആരോഗ്യപ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് നിരീക്ഷത്തില്‍ പോയ മുന്നൂറിലധികം ആളുകളെ സ്രവ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇന്നലെ മാത്രം 198 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 304 സാമ്പിളുകളുടെ ഫലവും പ്രതീക്ഷിക്കുന്നു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ മാത്രമാണ് ആര് ടി പി സി ആര്‍ പരിശോധന. റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ കൂടി ആര്‍ടിപിസിആര്‍ സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ഇവിെട ആരംഭിച്ച ട്രൂനാറ്റ് പരിശോധനയില്‍ മണിക്കൂറില്‍ 25 സാമ്പിളുകള്‍ പരിശോധിക്കാനുള്ളം സംവിധാനമുണ്ട്

നെടുമ്പാശേരി വിമാനത്താവളത്തിലെ ആന്റി ബോഡി പരിശോധനയില്‍ ലഭിക്കുന്ന പോസിറ്റീവ് ഫലങ്ങള്‍ തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്കാണ് അയക്കുന്നത്.കോവിഡ് ബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ പെട്ടവരുടെ  സാമ്പിള്‍ ശേഖരണത്തിനായി മൂന്ന് മൊബൈല‍്‍ യൂണിറ്റുകളുടെ സജ്ജമാക്കിയിട്ടുണ്ട്.