തിരക്കൊഴിവാക്കാനുള്ള നടപടികള്‍ കര്‍ശനമായി തുടരും; പ്രധാന മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളില്ല

തിരുവനന്തപുരത്തെ പേരൂര്‍ക്കട, കുമരിച്ചന്ത തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ തല്‍ക്കാലം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. തിരക്കൊഴിവാക്കാനുള്ള നടപടികള്‍ കര്‍ശനമായി തുടരും. കണ്ടെയ്ന്റ്മെന്റ് മേഖലയായി പ്രഖ്യാപിച്ച എട്ടുവാര്‍ഡുകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.

തലസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളായ പേരൂര്‍ക്കടയിലും കുമരിച്ചന്തയിലും മേയര്‍ കെ. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. വലിയ തിരക്ക് ഇല്ലാത്തതിനാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം

കോര്‍പറേഷനിലെ എട്ടുവാര്‍ഡുകള്‍ അതിതീവ്രമേഖലയാണ് . അവിടെ സ്രവ പരിശോധന തുടങ്ങിയിട്ടുണ്ട്. യാത്രാനിയന്ത്രണവും തുടരും

പൊഴിയൂര്‍, പൂവാര്‍, വിഴിഞ്ഞം തുടങ്ങിയ തീരമേഖലയിലും പരിശോധനകള്‍ കര്‍ശനമാക്കി. പൊഴിയൂരുമായി അതിര്‍ത്തിപങ്കിടുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഇന്നലെ മാത്രം 24 പേര്‍ക്കാണ് കോവിഡ്–19 സ്ഥിരീകരിച്ചത്. ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നവര്‍ ഇരുനൂറിലേറെയാണ്. തൂത്തൂര്‍, ചിന്നമുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ രോഗബാധിതര്‍ കൂടുകയുമാണ്. ഈ പശ്ചാത്തലത്തില്‍ ഇഞ്ചിവിള, പൂവാര്‍, ചെക്പോസ്റ്റുകളിലെ നിയന്ത്രങ്ങളും കൂടുതല്‍ കര്‍ശനമാക്കി