കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതിവേണം; ആവശ്യവുമായി പുതുപ്പാടിയിലെ കര്‍ഷകരും

കോഴിക്കോട് കോടഞ്ചേരിയിലെ കര്‍ഷകര്‍ക്കു പിന്നാലെ കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതിവേണമെന്ന ആവശ്യവുമായി പുതുപ്പാടിയിലെ കര്‍ഷകര്‍. കഴിഞ്ഞദിവസം കാട്ടുപന്നിയുടെ മേല്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. ജനങ്ങളുടെ ജീവന്‍ നഷ്ടമാകുമ്പോഴും കാട്ടുപന്നി ശല്യം പരിഹരിക്കാന്‍ വനം വകുപ്പ് ഇടപെടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

കോടഞ്ചേരി കാക്കോട്ടുമലയിലാണ് കാട്ടുപന്നിയെ വെടിവെച്ചു കൊന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ കോടഞ്ചേരിയില്‍ ആറു പേര്‍ക്കാണ് വനം അനുമതി നല്‍കിയത്.ഇതുപോലെ പുതുപാടി പഞ്ചായത്തിലും അനുമതി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പഞ്ചായത്തിലെ ആറു വാര്‍ഡുകളാണ് വനത്തോട് ചേര്‍ന്നുള്ളത്.ആദ്യ കാലങ്ങളില്‍ ഇവിടങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടുപന്നികള്‍ ഇറങ്ങാന്‍ തുടങ്ങി. കഴിഞ്ഞ ദിവംസ കോഴിക്കോട് വയനാട് ദേശീയപാതയില്‍ വച്ചാണ് കാട്ടുപന്നിയില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചത്.

പുതുപ്പാടി പഞ്ചായത്തിലെ ആറു വാര്‍ഡുകളില്‍ മാത്രമായി നാലായിരത്തോളം കര്‍ഷകരുണ്ട്. പലരും ചെറുകിട കര്‍ഷകരാണ്. വനം വകുപ്പില്‍ പരാതി നല്‍കിയിട്ടും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല