400 മീറ്ററോളം ഉയരത്തിലേക്ക് യാത്ര ; പുതിയ റോഡിനായി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ച് നാട്ടുകാർ

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ 400 മീറ്ററോളം ഉയരത്തിലുളള ചങ്ങണംകുന്നിലെ അന്‍പതു കുടുംബങ്ങള്‍ക്ക് മഴക്കാലമായാല്‍ പിന്നെ യാത്ര അതിസാഹസികമാണ്. പുതിയ റോഡ് നിര്‍മിച്ചു നല്‍കാന്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കോളനിയിലെ വിദ്യാര്‍ഥികള്‍ അടക്കമുളളവര്‍.

അതി സാഹസികമാാണ് കോളനിക്കാരുടെ യാത്ര. 400 അടിയോളം ഉയരത്തിലുളള പാറക്കെട്ടിന് മീതേയുളള കോളനിയിലേക്കുളള യാത്രക്കിടെ പലരും വീണ് അപകടത്തില്‍പ്പെടാറുണ്ട്. അര നൂറ്റാണ്ടിലേറെയായി ചങ്ങണംകുന്നില്‍ താമസക്കാരുണ്ടെങ്കിലും റോഡു നിര്‍മാണം യാഥാര്‍ഥ്യമായില്ല. ഇത്രയും ഉയരമുളള പാറക്കെട്ടിലേക്ക് റോഡു നിര്‍മിക്കാന്‍ അധിക ഫണ്ട് ആവശ്യമുളളതുകൊണ്ടണ് അവഗണിക്കുന്നത് എന്നാണ് പരാതി. നാട്ടുകാരുടെ പല പരാതികളും മണിക്കൂറുകള്‍ക്കകം പരിഹരിക്കാന്‍ മുന്‍കയ്യെടുക്കുന്നതുകൊണ്ടാണ് സ്വന്തം എം.പി...രാഹുല്‍ ഗാന്ധിയോട് സഹായം  അഭ്യര്‍ഥിക്കാന്‍ തീരുമാനിച്ചത്. 

ആശുപത്രികളില്‍ രോഗികളെ എത്തിക്കണമെങ്കില്‍ ചുമന്നുകൊണ്ടുപോവണം. 2018ല്‍ റോഡ് നിര്‍മാണത്തിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടനുവദിച്ചെങ്കിലും ഭിത്തി നിര്‍മാണത്തോടെ പദ്ധതി അവസാനിച്ചു. 

തിരഞ്ഞെടുപ്പു കാലങ്ങളിലെല്ലാം റോഡ് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അകാരണമായി നീണ്ടു പോവുകയാണ് പതിവ്.