സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു; കോട്ടയത്ത് അതീവ ജാഗ്രത

സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത. പള്ളിക്കത്തോട്ടില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ ആശുപത്രി ജീവനക്കാരിയും പൊതുപ്രവര്‍ത്തകനും ഉള്‍പ്പെട്ടതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും ഊര്‍ജിത ശ്രമം.

ജില്ലയില്‍ നിന്നുള്ള 120 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരില്‍ ഏറെയും വിദേശത്തു നിന്നും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പള്ളിക്കത്തോട്ടെ കുടുംബത്തിന് രോഗബാധയുണ്ടായത് എവിടെ നിനെന്ന് കണ്ടെത്താനായിട്ടില്ല. കുടുംബത്തിലെ എഴുപതുവയസുകാരന് തിമിര ശസ്ത്രക്രിയയ്ക്ക് മുന്‍പ് പരിശോധിച്ചപ്പോളാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ സ്രവം പരിശോധനയ്ക്കെടുത്തു. ഇതില്‍ പൊന്‍കുന്നത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മരുമകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും രോഗബാധ കണ്ടെത്തി. പൊതുപ്രവര്‍ത്തകന് ഒട്ടേറെ സമ്പര്‍ക്കമുള്ളതായി കണകാക്കുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 43 ആശുപത്രി ജീവനക്കാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 150 പേരെക്കൂടി നിരീക്ഷണത്തിലാക്കി. പൊൻകുന്നത്തെ ആശുപത്രിയിലെത്തി ചികിത്സ തേടിയവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഈ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധന ഫലങ്ങള്‍ അടുത്ത ദിവസങ്ങള്‍ പുറത്തുവരും. ഇതിലൂടെ സമൂഹവ്യാപനമുണ്ടോ എന്ന് സ്ഥിരീകരിക്കാനാകും. 

ഏഴ് കോവിഡ് ബാധിതരുള്ള പള്ളിക്കത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് പൂർണമായും അടയ്ക്കും. വാര്‍ഡിലുള്ളവര്‍ക്ക് അത്യാവശ്യ കാര്യങ്ങൾക്കായി പ്രത്യേക സേന പ്രവർത്തിക്കും. പത്ത് കണ്ടെയ്മെന്‍റ് സോണുകളാണ് ജില്ലയിലുള്ളത്.