അന്നും സൈക്കിളിൽ വിഷ്ണു വീട്ടിൽ നിന്ന് ഇറങ്ങി; മാറിയപ്പള്ളിയിൽ പൊയത് എന്തിന്?

മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കണ്ട മൃതദേഹാവശിഷ്ടം വൈക്കം സ്വദേശി ജിഷ്ണുവിന്റേതെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. എന്നാൽ ഇക്കാര്യം പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചില്ല. അവശിഷ്ടങ്ങളുടെയും തലയോട്ടിയുടെയും ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനാഫലങ്ങൾ വന്നതിനു ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കൂ എന്നു ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു.മൃതദേഹാവശിഷ്ടങ്ങൾക്കു സമീപം ഉണ്ടായിരുന്ന ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം, ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോണുകൾ എന്നിവയാണ് ഇന്നലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. വൈക്കം കുടവെച്ചൂർ സ്വാമിക്കല്ല് വെളുത്തേടത്ത് ചിറയിൽ ഹരിദാസന്റെ മകൻ ജിഷ്ണു (23) ഉപയോഗിച്ചിരുന്ന തരത്തിലുള്ളവയാണ് ഇവയെല്ലാമെന്നു ബന്ധുക്കൾ പറഞ്ഞു. 

കുമരകത്തെ ബാർ ഹോട്ടലിലെ ജീവനക്കാരനായ ജിഷ്ണുവിനെ കഴിഞ്ഞ 3 മുതൽ കാണാതായിരുന്നു. തുടർന്നു ബന്ധുക്കൾ വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണു കോട്ടയത്തു മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ പ്രായവും പഴക്കവും കണ്ടെത്താൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന നടത്തും. 

മരിച്ചതു പുരുഷനാണെന്നു മാത്രമാണു സംഘം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനാ റിപ്പോർട്ടുകൾ വന്ന് ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ വിട്ടുനൽകൂ എന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധന ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.

മറിയപ്പള്ളിയിൽ പോയത് എന്തിന്

ജിഷ്ണു മറിയപ്പള്ളിയിൽ പോയത് എന്തിനെന്ന് അറിയാതെ ബന്ധുക്കൾ. ജിഷ്ണു പഠിച്ചതു ചേർത്തലയിലാണ്. ജോലി ചെയ്യുന്നതു കുമരകത്തും. മറിയപ്പള്ളി ഭാഗത്തു  ബന്ധങ്ങളൊന്നും ഉള്ളതായി അറിയില്ല. ജിഷ്ണുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മൂന്നരപ്പവന്റെ സ്വർണമാല ഇതുവരെ ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മാല ലഭിക്കുന്നതിനായി ബോംബ് സ്ക്വാഡ് സ്ഥലത്തു മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തി.  കഴിഞ്ഞ 3നു രാവിലെയാണു കാണാതായത്. പതിവായി ജോലിക്കു പോകുന്നതു പോലെ രാവിലെ 8 കഴിഞ്ഞപ്പോൾ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി. 8.15നു ശാസ്തക്കുളത്ത് എത്തി. അവിടെ നിന്നു ബസിൽ കയറി ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയതും 9.55നു കോട്ടയത്തെത്തുന്ന മറ്റൊരു ബസിൽ കോട്ടയം ഭാഗത്തേക്കു പോയതും ബാറിലെ സെക്യൂരിറ്റി കണ്ടിരുന്നു. 9.1നു ജിഷ്ണുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി. 

എന്നാൽ മറ്റൊരു ഫോണിലൂടെ ജിഷ്ണു ഏറെ നേരം സംസാരിച്ചിരുന്നതായി ബസ് ജീവനക്കാരൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. 8.31നു വൈക്കത്തെ സ്വകാര്യ ലാബിലേക്കു വിളിച്ചിരുന്നു. 8.43നു ബാറിലെ ഒരു കൂട്ടുകാരന്റെ ഫോണിൽ നിന്നു ജിഷ്ണുവിന്റെ ഫോണിലേക്കു കോൾ വന്നിരുന്നു. 3നു ജിഷ്ണു ബാറിൽ എത്താതെ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷിക്കാൻ രാത്രി 7.30നു ബാർ ജീവനക്കാരായ സുഹൃത്തുക്കൾ അന്വേഷിച്ചു വീട്ടിൽ എത്തിയപ്പോഴാണു ജിഷ്ണുവിനെ കാണാനില്ലെന്നു വീട്ടുകാർ അറിയുന്നത്.