വരാണസിയിലല്ല, മിന്നുകെട്ട് ഇങ്ങ് തിരൂരിൽ; കതിർമണ്ഡപമൊരുക്കി ഫാക്ടറി ഉടമ

ലോക്ക്ഡൗൺ കാരണം കേരളത്തിൽ കുടുങ്ങിയ ഉത്തർപ്രദേശിൽ നിന്നുള്ള വധൂവരന്മാർക്ക് കതിർമണ്ഡപമൊരുക്കി തിരൂർ സ്വദേശി അബ്ദുറഷീദ്. 

വാരാണസി സ്വദേശികളായ രബീന്ദ്ര സിങും അജ്ഞലി സിങുമാണ് ഇന്നലെ രാവിലെ പാറശ്ശേരി ചെറിയരി കാവ് ക്ഷേത്രത്തിൽവച്ച് വിവാഹിതരായത്.

വാരാണസിയിൽ വെച്ച് ഒരുമിക്കേണ്ടവർ അങ്ങനെ കേരളത്തിൽ തന്നെ മിന്നുകെട്ടി. കഴിഞ്ഞ പത്ത് വർഷമായി പാറശ്ശേരി സ്വദേശി അബ്ദുറഷീദിൻ്റെ ഉടമസ്ഥതയിലുള്ള തിരൂരിലെ കണ്ടെയ്നർ ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് വധു അജ്ഞലി സിങ്ങിൻ്റെ പിതാവ് സജ്ഞയ് സിങ്. വിവാഹം സ്വദേശമായ വാരാണസിയിൽ നടത്താൻ മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചതാണ്. ഇതിന് മുന്നോടിയായുള്ള ചടങ്ങുകൾക്കായി മുംബൈയിൽ ജോലി ചെയ്യുന്ന വരൻ രബീന്ദ്ര സിങ് രണ്ട് മാസങ്ങൾക്ക് മുമ്പ് തിരൂരിലെത്തി. പക്ഷെ, ലോക്ക്ഡൗൺ കാരണം തിരിച്ചുപോകാനായില്ല.

വിവാഹം കൂടുതൽ വൈകിപ്പിക്കരുതെന്ന് വധൂവരന്മാരുടെ മാതാപിതാക്കൾ തീരുമാനമെടുത്തു. അങ്ങനെ വാരാണസിയിൽ വെച്ച് നടക്കേണ്ട ചടങ്ങ് തിരൂരിന് സ്വന്തമായി.

അബ്ദുറഷീദിൻ്റെ കുടുംബാംഗങ്ങൾ ചേർന്ന് ഉത്തരേന്ത്യൻ സ്റ്റൈൽ വിവാഹം ആഘോഷമാക്കി.ലോക്ക്ഡൗൺ കാരണം വരൻ്റെ മാതാപിതാക്കൾക്ക് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എത്രയും പെട്ടെന്ന് തന്നെ ഭർതൃവീട്ടുകാരെ നേരിൽ കണ്ട് 

അനുഗ്രഹം വാങ്ങാനാണ് നവവധുവിൻ്റെ ആഗ്രഹം