സെറ്റിടാത്ത കേരളം ഇങ്ങനെ; പള്ളിയും അമ്പലവും തൊട്ടുരുമ്മും കവലകൾ; ചിത്രങ്ങൾ

സിനിമയുടെ സെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് അക്രമികൾ ഉന്നയിക്കുന്ന ആരോപണം കേട്ടപ്പോൾ പ്രതികരിച്ചവർ എല്ലാം വ്യക്തമാക്കിയത് ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്. പൊളിക്കാനുണ്ടായ കാരണം എന്നു പറയുന്നത് മനസിലാവുന്നില്ല എന്ന് പലരും നിലപാടെടുത്തു. വടക്കേ ഇന്ത്യയിലൊക്കെ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ േകരളത്തിലുമോ എന്ന ചോദ്യം ഉയരുമ്പോൾ ചില ചിത്രങ്ങൾ കൊണ്ട് ഇതാണ് കേരളം എന്ന് ഓർമപ്പെടുത്തുകയാണ് നേതാക്കൻമാർ.

ഒരു മതിലിനും റോഡിനും അപ്പുറവും ഇപ്പുറവുമായി ക്ഷേത്രവും ക്രിസ്ത്യൻ പള്ളിയും മുസ്​ലിം പള്ളികളും നിറയുന്ന കവലകളാണ് കേരളത്തിലേതെന്ന് പറയുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സെറ്റിടാത്ത മലപ്പുറത്തെ കാഴ്ച കാട്ടിയപ്പോൾ, വി.എസ് ശിവകുമാർ തിരുവനന്തപുരത്തിന്റെ കാഴ്ചയാണ് പങ്കുവച്ചത്. 

‘സെറ്റിടാത്ത മലപ്പുറം;പാരസ്പര്യത്തിന്റെ റിയൽ ചിത്രം; അങ്ങാടിപ്പുറം തളിക്ഷേത്രവും ജുമാ മസ്ജിദും ഒരു നേർത്ത ബൗണ്ടറിയുടെ പോലും മറവില്ലാതെ;അസഹിഷ്ണുതയുടെ ആൾ രൂപങ്ങൾക്കെതിരെയുള്ള പ്രതിഷേധം പോലെ. സഹിഷ്ണുത അനേകം അർത്ഥ തലങ്ങളുളള മഹത്തായ മനുഷ്യഗുണമത്രെ. ലൗകിക ജീവിതത്തിൽ അത്രമേൽ സുന്ദരമായ ഒരനുഭവ പാoവുമില്ല. എന്നാൽ,അത് തിരിച്ചറിയുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുക എന്നത് മനുഷ്യർക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.സഹിഷ്ണുതയും സമാധാനവും നഷ്ടപ്പെടുന്ന പൈശാചികാവസ്ഥ അന്തിമമായി പരാജയപ്പെടുക തന്നെ ചെയ്യും.’ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘തിരുവനന്തപുരത്ത് പാളയം മുസ്ലീം പള്ളിയുമായി തൊട്ടുരുമ്മി നിൽക്കുന്ന ആ ഓടിട്ട കെട്ടിടം കണ്ടോ. പാളയം ഗണപതി ക്ഷേത്രമാണത്. റോഡിനെതിർവശം സെന്റ്.ജോസഫ് കത്തീഡ്രൽ കണ്ടോ. ഇതാണ് കേരളത്തിൻ്റെ സംസ്കാരം.മറക്കരുത്.’ ചിത്രം പങ്കുവച്ച് ശിവകുമാർ കുറിച്ചു.