പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത; മാതൃകയായി കഞ്ഞിക്കുഴി

പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തതയുടെ മാതൃകയായി ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പത്തുലക്ഷം തൈകളാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. വികേന്ദ്രീകൃത പച്ചക്കറി ഉൽപ്പാദനം സംസ്ഥാനത്തു വ്യാപിപ്പിക്കുമെന്ന് ചടങ്ങിനെത്തിയ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.

നടീൽ വസ്തുക്കളും ജൈവവളങ്ങളും ഉൾപ്പെടെ എല്ലാം ഒരു പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിച്ച് പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുകയാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. പതിനെട്ട് വാർഡുകളിലായി കുടുംബശ്രീയുടെ അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന യൂണിറ്റുകൾ രൂപീകരിച്ചാണ് തൈകളുടെ ഉത്പാദനം. ഓരോ വാർഡിലും സർവേപ്രകാരമുള്ള സ്ഥലത്തിന്റെ വിസ്തീർണം അടിസ്ഥാനപ്പെടുത്തി തൈകൾ വിതരണം ചെയ്യും. പഞ്ചായത്തിലെ പച്ചക്കറി കൃഷിവികസനം സംസ്ഥാനതതിന് മാതൃകയാണെന്ന് കൃഷി മന്ത്രി പറഞ്ഞു

ഭക്ഷ്യമന്ത്രി പി.തിലോത്തമനും എ.എം ആരിഫ് എം.പിയും ചടങ്ങില്‍ പങ്കെടുത്തു. ഈ സാമ്പത്തിക വര്‍ഷം ജൈവകൃഷിയിലൂടെ ലക്ഷങ്ങളുടെ അധികവരുമാനം നാടിനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് പ്രസിഡന്റ് എം. ജി രാജുവും സഹപ്രവര്‍ത്തകരും. പഞ്ചായത്തില്‍ ആകെ മുന്നൂറ് ഏക്കറിലാണ് ജൈവപച്ചക്കറി. കാര്‍ഷിക അഭിവൃദ്ധിക്ക് കര്‍മസേനയെ തന്നെ രൂപീകരിച്ചാണ് കൃഷിയിലെ ക‍ഞ്ഞിക്കുഴി വിപ്ലവം