കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ കബറടക്കം നടത്തി

കോവിഡ് ബാധിച്ച് തൃശൂര്‍ ചാവക്കാട്ട് മരിച്ച വയോധികയുടെ കബറടക്കം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഏഴു പേര്‍ നിരീക്ഷണത്തിലാണ്.   മുംബൈയില്‍ നിന്ന് പാലക്കാട്ടെത്തി പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എഴുപത്തിമൂന്നുകാരി കദീജക്കുട്ടിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം അഞ്ചങ്ങാടി അടിത്തിരുത്തി ജുമാഅത്ത് പള്ളി കബറസ്ഥാനില്‍ എത്തിച്ചു. യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. പി.പി.ഇ. കിറ്റ് ധരിച്ച അഞ്ചു പേരായിരുന്നു അന്ത്യകര്‍മങ്ങള്‍ നടത്തിയത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഉമ്മര്‍കുഞ്ഞിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ബന്ധുക്കളായ ആര്‍ക്കും അന്ത്യകര്‍മങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. 

കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് കാര്‍ മാര്‍ഗം ഇവര്‍ക്കൊപ്പം വന്ന മൂന്നു പേര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ല. എന്നാലും ഇവര്‍ നിരീക്ഷണത്തിലാണ്. ആംബുലന്‍സ് ഡ്രൈവറും മകനും നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. പ്രമേഹരോഗവും ശ്വാസതടസവും നേരത്തെതന്നെ അലട്ടിയിരുന്നു. 

കോവിഡ് ബാധിച്ചെന്ന് അറിയാതെയാണ് കേരളത്തിലേക്ക് യാത്ര തിരിച്ചത്. അതിര്‍ത്തിയില്‍ വന്നപ്പോഴും ആരോഗ്യനില അത്ര വഷളായിരുന്നില്ല. പിന്നീടാണ്, ശ്വാസതടസം മൂര്‍ച്ഛിച്ചതും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതും. രോഗലക്ഷണങ്ങള്‍ കോവിഡിന്റേതായിരുന്നതിനാല്‍ ഉടനെ ഐസലോഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഏറെ കരുതലോടെയാണ് ആശുപത്രിയിലെ ജീവനക്കാരും ചികില്‍സ ഒരുക്കിയത്. സംസ്ഥാനത്തെ നാലാമത് കോവിഡ് മരണമാണിത്.