ഉത്തര മലബാറിൽ ചുരുക്കം ബസുകൾ നിരത്തിൽ; വൻനഷ്ടമെന്ന് ഉടമകൾ

ഉത്തര മലബാറില്‍ ചുരുക്കം സ്വകാര്യബസുകള്‍ മാത്രമാണ് ഇന്ന് നിരത്തിലിറങ്ങിയത്.അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി നാളെ മുതല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള സര്‍വീസ് നഷ്ടമാണെന്ന് ബസുടമകള്‍ ഉടമകള്‍ പറയുന്നു. പൊതുഗതാഗ സംവിധാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം പ്രതിക്ഷയോടെയാണ് യാത്ര ആരംഭിക്കുന്നത്. പക്ഷേ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ല. രോഗഭീതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സര്‍വീസില്‍ ഇന്ധനത്തിനുള്ള പണം പോലും ലഭിക്കുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ നാല്‍പത് സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയപ്പോള്‍ കാസര്‍കോട് പത്ത് ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തിയത്. നഷ്ടക്കണക്ക് ഏറുന്ന സാഹചര്യത്തില്‍ എങ്ങിനെ സര്‍വീസ് തുടരുമെന്നാണ് ആശങ്ക.

കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറങ്ങുന്നതോടെ വരുമാനം ഇനിയും കുറയും. ദീര്‍ഘനാളായി നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് മിക്ക ബസുകളും തകരാറിലായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അറ്റകുറ്റപണികള്‍ക്ക് വേണ്ടി പണം കണ്ടെത്തേണ്ടി വരുന്നതു ഉടമകള്‍ക്ക് തലവേദനയുണ്ടാക്കുന്നു. സമീപ ജില്ലകളിലേയ്ക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ ജില്ല അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.