കപ്പലിൽ കൊച്ചിയിലെത്തി; മാതൃദിനത്തിൽ അമ്മയായി; നാവികസേനയുടെ അഭിനന്ദനം

മാലദ്വീപില്‍ നിന്ന് ഐഎന്‍എസ് ജലാശ്വയില്‍ കൊച്ചിയിലെത്തി മാതൃദിനത്തില്‍ അമ്മയായ സോണിയക്കും കുഞ്ഞിനും നാവികസേനയുടെ അഭിനന്ദനം. ദക്ഷിണനാവികാസ്ഥാനത്തു നിന്ന് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ നേരിട്ടെത്തി. തിരുവല്ലക്കാരിയായ സോണിയ ഇന്നലെയാണ് ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ദക്ഷിണ നാവികാസ്ഥാനത്തുനിന്ന് ലഫ്റ്റനന്റ് കമാന്‍ഡര്‍ രമ്യാ സാവിയും ഡിഫന്‍സ് പിആര്‍ഒ ശ്രീധനര്‍ വാര്യറും കൊച്ചി കിന്‍ഡര്‍ ആശുപത്രിയിലെത്തിയത് പൂച്ചെണ്ടും കയ്യിലേന്തിയായിരുന്നു. നാവികസേന പൂര്‍ത്തിയാക്കിയ രക്ഷാദൗത്യത്തിനൊപ്പം വന്നുചേര്‍ന്ന സന്തോഷത്തിന് കാരാണക്കാരായര്‍ക്ക് നല്‍കാനായിരുന്നു പൂച്ചെണ്ട്.  സമൂഹിക അകലം പാലിക്കണമെന്ന കടമയുള്ളതുകൊണ്ട് അമ്മയെയും കുഞ്ഞിനെയും നേരിട്ട് കാണാന്‍ ശ്രമിക്കാതെ പൂച്ചെണ്ട് സോണിയയുടെ കുടുംബത്തിന് കൈമാറി. വീഡിയോ കോള്‍ വഴി സോണിയയോട് സംസാരിച്ചു  

മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ നാടണയാന്‍ സഹായിച്ചവരോട് സോണിയയുടെ കുടുംബം നന്ദി പറഞ്ഞു.മാലിയില്‍ നഴ്സായ സോണിയ 19 ഗര്‍ഭിണിമാരടക്കം 698 യാത്രക്കാര്‍ക്കൊപ്പമാണ് ഐന്‍എസ് ജലാശ്വയില്‍ കൊച്ചിയിലെത്തിയത്. തുറമുഖത്ത് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടനെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കിട്ട് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞും അമ്മയും സുഖമായിയിരിക്കുന്നു.