കോട്ടയത്തെ ലോറി ഡ്രൈവർക്ക് ചേർത്തലയിലും അരൂരിലും സമ്പർക്കം; 23 പേർ നിരീക്ഷണത്തിൽ

കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർക്ക് ചേർത്തലയിലും, അരൂരിലും സമ്പർക്കം. രണ്ടിടങ്ങളിലായി 23 പേരെ ക്വാറന്റീന്‍ ചെയ്തു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

കഴിഞ്ഞമാസം 25ന് മഹാരാഷ്ട്രയില്‍നിന്ന് ഓറഞ്ചുമായി എത്തിയ ലോറി ഡ്രൈവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചേര്‍ത്തല പൂത്തോട്ട പാലത്തിന് സമീപത്തെ കടയിലും അരൂരിലെ കോള്‍ഡ് സ്റ്റോറേജ് കേന്ദ്രത്തിലും ഇയാള്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് സമ്പര്‍ക്കമുണ്ടായി എന്ന് സംശയിക്കുന്ന 13 പേരെ ചേര്‍ത്തലയിലും പത്തുപേരെ അരൂരിലും ക്വാറന്റീനിലേക്ക് മാറ്റിയത്

ആലപ്പുഴയില്‍ ലോഡിറക്കിയ ശേഷം തിരികെ കോട്ടയത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത്. ഒരു മാസമെടുത്താണ് രോഗം സ്ഥിരീകരിച്ചത്. അരൂർ പഞ്ചായത്തോഫീസിന് സമീപത്തുള്ള അതിഥി തൊഴിലാളികളാണ് ക്വാറന്റീനിലേക്ക് മാറിയവരില്‍ ഏറെയും. ഇവര്‍ക്ക് മറ്റുസമ്പർക്കം കുറവാണെന്നാണ് സൂചന.