'എന്‍റെ മാജിക് ലോക നന്മക്കായി'; പോരാടുന്നവർക്ക് ആദരവുമായി മജീഷ്യൻമാർ

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ രാജ്യത്തെ മജീഷ്യന്‍മാര്‍ ഒന്നിക്കുന്നു. നാളെ വൈകിട്ട് നാല് മണിക്ക് സോഷ്യല്‍ മീഡിയയിലൂെട മാജിക്ക് അവതരിപ്പിച്ച് മജീഷ്യന്‍മാര്‍ കോവിഡ് പോരാളികള്‍ക്ക് ആദരം പ്രകടിപ്പിക്കും. മാജിക്കല്‍ റിയലിസം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡിനെതിരെ രാവും പകലുമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കായാണ് ഈ മാജിക്കുകള്‍. എന്‍റെ മാജിക് ലോക നന്മക്കായി എന്ന പേരില്‍ ഡോക്ടര്‍മാര്‍ , നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊലീസുകാര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം രാജ്യത്തെ മാന്ത്രികരുടെ ആദരം. നാളെ വൈകിട്ട് നാലുമണിക്ക് സമൂഹ മാധ്യമങ്ങളില്‍ ഒരു മിനിറ്റ് മാജിക്കുമായി മജീഷ്യന്‍ സാമ്രാജ് അടക്കമുള്ള രാജ്യത്തെ പ്രമുഖ മജീഷ്യന്‍മാര്‍ അണിനിരക്കും. ഐക്യദാര്‍ഢ്യം മാത്രമല്ല കോവിഡിനെ മുന്നില്‍ നിന്ന് നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പരിപാടിയുടെ പ്രചാരണ വീഡിയോ മൂന്ന് ഭാഷകളിലായി സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായി കഴി‍ഞ്ഞു.

വിദേശത്തുള്ള ഇന്ത്യാക്കാരായ മജീഷ്യന്‍മാരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരിപാടിയില്‍ പങ്കെടുക്കുമെന്ന്  സംഘാടകര്‍ വ്യക്തമാക്കി