ഇവിടം സുരക്ഷിതം, ഫ്രാൻസിനേക്കാൾ; കേരളത്തിന് നന്ദി പറഞ്ഞ് മടക്കം; മടങ്ങാത്തവരുമേറെ

സ്വദേശത്ത് മടങ്ങുന്നതിന്റെ ആശ്വാസമുണ്ടായിരുന്നു പലരുടെയും മുഖത്ത്. പക്ഷേ മടങ്ങും മുൻപ് അവർ കേരളത്തിന് നന്ദി പറഞ്ഞു, ഇവിടം ഫ്രാൻസിനേക്കാൾ സുരക്ഷിതമാണെന്നു പറഞ്ഞു.

ഇന്ന് രാവിലെയാണ് ലോക്‌ഡൗണിൽ കുടുങ്ങിയപ്പോയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽനിന്ന് പാരിസിലേക്കു പുറപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി കുടുങ്ങിയവരാണ് സ്വദേശത്തേക്ക് മടങ്ങിയത്. മാർച്ച് 11 നു മുൻപ് കേരളത്തിലെത്തുകയും വിവിധ ജില്ലകളിലായി ലോക്ഡൗൺ കാരണം കുടുങ്ങിപ്പോവുകയും ചെയ്ത വിദേശികളെ ആദ്യം കൊച്ചിയിലേക്കാണ് എത്തിച്ചത്. ശേശം സ്വന്തം നാട്ടിലേക്ക് കയറ്റി അയച്ചു.  കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ച് പൗരൻമാരെ തിരികെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന അഭ്യർഥന ലഭിച്ച് 24 മണിക്കൂറിനുള്ളിലാണ് കേരളം അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

തങ്ങളുടെ പൗരൻമാരെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ എല്ലാ സൗകര്യങ്ങളും ചെയ്ത കേരള സർക്കാറിനും ടൂറിസം വകുപ്പിനും പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ സുവാർഡ് നന്ദി അറിയിച്ചു.‌ടൂറിസ്റ്റ് വീസയിൽ സംസ്ഥാനത്തെത്തിയവരിൽ 3 വയസ്സുകാരൻ മുതൽ 85 വയസ്സുകാർ വരെയുണ്ടായിരുന്നു. വിനോദ സഞ്ചാരത്തിനും ആയുർവേദ ചികിത്സക്കായും എത്തിയവരായിരുന്നു ഇവർ. 

എന്നാൽ, 5300 പേർ മരിച്ച ഫ്രാൻസിനെക്കാൾ ഇവിടെ സുരക്ഷിതമാണെന്നു പറഞ്ഞ് നാട്ടിലേക്കു മടങ്ങാത്ത ഫ്രഞ്ച് പൗരൻമാർ ഇനിയും കേരളത്തിലുണ്ട്. യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പൗരന്മാരും സംസ്ഥാനത്തുണ്ട്.