സ്പൈസസ് പാർക്കിനെന്ത് കോവിഡ്?; ലേല നടപടികൾ പുനരാരംഭിച്ചു

കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ഇടുക്കി പുറ്റടിയിലെ   സര്‍ക്കാര്‍ സ്‌പൈസസ് പാര്‍ക്കില്‍ ലേല നടപടികള്‍ പുനരാരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ്  ലേലമെന്ന് വിശദീകരണം. ആള്‍ക്കൂട്ടങ്ങള്‍  ഒഴിവാക്കുവാന്‍   താല്‍കാലികമായി ലേലം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 

കോവിഡിനെ തുടര്‍ന്ന് ഇടുക്കിയിലെ ലേല നടപടികള്‍ നിര്‍ത്തിയത് തമിഴ്‌നാട്ടിലെ ബോഡിനായ്ന്നൂരില്‍ നടക്കുന്ന ഏലം ലേലത്തെ സഹായിക്കുന്നതിനാണെന്ന്  ആക്ഷേപം ഉയര്‍ന്നിരുന്നു.  തുടര്‍ന്ന് വ്യാപാരികളുടെയും കര്‍ഷകരുടെയും അഭ്യര്‍ഥന  മാനിച്ചാണ് ജില്ലാ കലക്ടറും,  മെഡിക്കല്‍ ഓഫീസറും ലേലം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.  ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലേലം നടത്തിയത്. വ്യാപാരികള്‍ ഒഴികെ മറ്റാരെയും ലേല കേന്ദ്രത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ലേലം പുനരാരംഭിച്ചതിനെതിരെ ചില വ്യാപാരികളും രംഗത്തെത്തി.

ഏതാനും  ആളുകള്‍ മാത്രമാണ്  ലേലത്തില്‍  പങ്കെടുത്തത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്തിയാല്‍ മാത്രമേ ഏലത്തിന്  മികച്ച വില ലഭിക്കുകയുള്ളു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ എത്തിച്ച് ലേല നടപടികള്‍ നടത്താനും നീക്കമുണ്ട്.