'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി’: കുറിപ്പ്

കണ്ണൂരിൽ ഒന്നരവയസുകാരനെ പാറയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ‌്യയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കാമുകനോടൊപ്പം ജീവിക്കാനാണ് ശരണ്യ കുട്ടിയെ കൊന്നത്. ശരണ്യയുടെ ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. 

വര്‍ധിച്ച് വരുന്ന ഇത്തരം കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.  

"പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി...! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല..." അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഭാര്യയും കുഞ്ഞുമായുള്ള അകൽച്ച, ഇടയ്ക്കിടെയുള്ള വഴക്ക്, മൂന്നുമാസത്തിനുശേഷം വീട്ടിലേക്കു യാദൃച്ഛികമായുള്ള വരവ്: ഒന്നരവയസ്സുകാരൻ വിയാന്റെ കൊലപാതകത്തിൽ അച്ഛൻ പ്രണവിനെ സംശയിക്കാൻ ഇത്രയും സാഹചര്യത്തെളിവുകൾ ധാരാളമായിരുന്നു പൊലീസിന്. എന്നാൽ, ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ ബുദ്ധിയും ശാസ്ത്രീയ തെളിവുകളും ചേർന്നു ദുരൂഹതയുടെ ചുരുളഴിച്ചപ്പോൾ കഥ മാറി. 

അമ്മ പ്രതിയായി. ഇത്രയും നാൾ അമ്മയ്ക്കൊപ്പമാണു കുഞ്ഞു കഴിഞ്ഞിരുന്നത് എന്നതിനാൽ ആദ്യഘട്ടത്തിൽ സംശയമുന ശരണ്യയ്ക്കു നേരെ നീങ്ങിയില്ല. അതേസമയം, ഭർത്താവിനെ സംശയിക്കാൻ കാരണങ്ങൾ പലതായിരുന്നു. സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികത ആദ്യം സംശയിക്കപ്പെട്ടു. ശരണ്യയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി മുഴുവൻ പ്രണവിനെതിരായിരുന്നു.