ഏത്തക്കുലയുടെ വിലയിടിവ് നേരിടാൻ ഉപ്പേരി; കുരുവിക്കൂട് നാട്ടുചന്ത മാത്യക

ഏത്തക്കുലയുടെ വിലയിടിവിൽ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി കോട്ടയം എലിക്കുളത്തെ കുരുവിക്കൂട് നാട്ടുചന്ത. കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് നേന്ത്രക്കുലകൾ ശേഖരിച്ച് ഉപ്പേരിയാക്കി വിണിയിലെത്തിക്കുന്നതാണ് പദ്ധതി. നാട്ടുചന്ത സ്പെഷ്യൽ ഉപ്പേരിക്ക് ആവശ്യക്കാരും ഏറെയാണ്. 

മറുനാടൻ കായയുടെ വരവാണ് കേരളത്തിൽ ഏത്തക്കുലയുടെ വിലയിടിവിന് കാരണം. കൃഷിയിറക്കാൻ ചെലവാക്കിയ പണം പോലും കിട്ടാതെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് കർഷകരെ സഹായിക്കാൻ കുരുവിക്കൂട്ടിലെ നാട്ടുചന്തയുടെ സംഘാടകർ തീരുമാനിച്ചത്. 40 ഓളം അംഗങ്ങൾ ഉള്ള എലിക്കുളം ജൈവ കർഷക സമിതി പഞ്ചായതുമായി ചേർന്നാണ് നാട്ടുചന്ത ആരംഭിച്ചത്. 

നാടൻ നേന്ത്രക്കുലകൾ വിപണി വിലയേക്കാൾ ഉയർന്ന വിലയ്ക്ക് കർഷകരിൽ നിന്നും ശേഖരിക്കും. ഇത് സംഘാംഗങ്ങൾ തന്നെ നാടൻ വെളിച്ചെണ്ണയിൽ വറുത്തെടുത്ത് പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നു. കിലോയ്ക്ക് 320 രൂപ വിലവരുന്ന ഉപ്പേരി വിവിധ തൂക്കമുള്ള പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. കൃഷി വകുപ്പും പുതിയ ഉദ്യമത്തിന് പിന്തുണയുമായി രംഗത്തുണ്ട്

റബ്ബർ ഉപേക്ഷിച്ച കർഷകർ വാഴ കൃഷിയിലേക്ക് തിരിഞ്ഞതോടെ ഉത്പാദനം വര്‍ധിച്ചു. ഇതിന് പുറമെ മറുനാട്ടില്‍ നിന്നും കായക്കുലകള്‍ എത്തിയതോടെ വിലയിടിവ് രൂക്ഷമായി. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ടണ്‍കണക്കിന് ഏത്തകുലകളാണ് കേരളത്തിലെത്തുന്നത്. ഉപ്പേരിക്ക് ആവശ്യക്കാർ കൂടിയതോടെ എത്താവാഴയുടെ വിലയിടിവിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കർഷകർ.