സിംസിലെ സ്വകാര്യപങ്കാളിത്തം മറച്ചുവെച്ച് മുഖ്യമന്ത്രി; പ്രതികരിക്കാതെ ഡിജിപി

പൊലീസിന്റെ സിംസ് പദ്ധതിയിലെ സ്വകാര്യ കമ്പനിയുടെ പങ്കാളിത്തം മുഖ്യമന്ത്രി നിയമസഭയില്‍ നിന്ന് പോലും മറച്ചുവച്ചു. കെല്‍ട്രോണാണ് നടപ്പാക്കുന്നതെന്നാണ് പിണറായി വിജയന്‍ മറുപടി പറഞ്ഞത്. അതേസമയം പങ്കാളിത്തവും സാമ്പത്തിക ഇടപാടും കമ്പനി ഉടമ ബെര്‍ണാഡും കെല്‍ട്രോണും മനോരമ ന്യൂസിനോട് സമ്മതിച്ചു. എന്നാല്‍ ഡി.ജി.പി ഇതുവരെ പ്രതികരിക്കാന്‍ തയാറായില്ല.

സിംസ് പദ്ധതിയിലെ അഴിമതിയേക്കുറിച്ച് പി.ടി.തോമസ് നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയാണിത്. സ്വകാര്യ പങ്കാളിത്തം പൂര്‍ണമായും മറച്ചുവച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചാണ് അഴിമതി ആരോപണം തള്ളിയത്. എന്നാല്‍ സിംസിന്റെ സാങ്കേതിക ചുമതല ഗാലക്സോണെന്ന കമ്പനിക്കാണെന്ന് സമ്മതിച്ച ഉടമ ഉപകരണങ്ങള്‍ വയ്ക്കുന്നതിന്റെ പണം കെല്‍ട്രോണ്‍ വാങ്ങി കമ്പനിക്ക് നല്‍കുമെന്നും പറഞ്ഞ് സ്വകാര്യ ഇടപാട് വെളിപ്പെടുത്തി.

സുരക്ഷാവീഴ്ചയൊന്നുമില്ലെന്ന് അവകാശപ്പെട്ട കെല്‍ട്രോണ്‍ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ കമ്പനി പ്രതിനിധികളുണ്ടെന്നും നിരീക്ഷണ ഫീസിന്റെ പങ്ക് കമ്പനിക്ക് നല്‍കുന്നുണ്ടെന്നും സമ്മതിച്ചു. പൊലീസ് ആസ്ഥാനം സ്വകാര്യ കമ്പനിക്ക് തുറന്നുകൊടുത്തൂവെന്ന് വ്യക്തമായിട്ടും ഡി.ജി.പി മൗനം തുടരുകയാണ്. കെല്‍ട്രോണും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന സി.എ.ജി കണ്ടെത്തല്‍ നില്‍ക്കുന്നതിനിടെ സിംസ് പദ്ധതിയിലെ സ്വകാര്യ പങ്കാളിത്തം വ്യക്തമാക്കുന്നത്. ഇത് മറച്ചുവയ്ക്കാന്‍ സര്‍ക്കാരും പൊലീസും നടത്തിയ നീക്കങ്ങള്‍ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്നുമുണ്ട്.