നെൽകർഷകരോട് അവഗണന തുടര്‍ന്ന് സർക്കാർ; പ്രതിസന്ധി

സംഭരിച്ച നെല്ലിന്റെ പണം നൽകാതെയും സ്വകാര്യ മില്ലുകളുടെ ചൂഷണം തടയാതെയും സംസ്ഥാനത്തെ നെൽകർഷകരോട് സർക്കാരിന്റെ അവഗണന തുടരുന്നു. പാഡി റജിസ്ട്രേഷന്‍ സ്ലിപ്പ് വഴി സംഭരിച്ച നെല്ലിന്‍റെ പണം സര്‍ക്കാര്‍ ഇതുവരെ ബാങ്കുകള്‍ക്ക് കൈമാറാത്തതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായി. കുടിശിക വര്‍ധിച്ചതോടെ പണം നല്‍കാന്‍ ബാങ്കുകളും തയ്യാറാകാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.  

പാഡി റജിസ്ട്രേഷന്‍ സ്ലിപ്പ് മുഖേനയാണ് സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത്. സംഭരിച്ച നെല്ലിന്‍റെ കണക്ക് വ്യക്തമാക്കി മില്ലുടമകള്‍ കര്‍ഷകര്‍ക്ക് സ്ലിപ്പ് നല്‍കും. ഈ സ്ലിപ്പ് നല്‍കിയാല്‍ വായ്പയെന്ന നിലയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കും. ഈ പണം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കുകയായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷത്തെ പുഞ്ചകൃഷി മുതല്‍ ഈ പതിവ് സര്‍ക്കാര്‍ തെറ്റിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരിച്ചടയ്ക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതിനിടെ ഈ വര്‍ഷത്തെ പുഞ്ചകൊയ്ത്തും തുടങ്ങി. സര്‍ക്കാര്‍ വരുത്തിയ കുടിശികയെ തുടര്‍ന്ന് കര്‍ഷകരില്‍ നിന്ന് പാഡി റജിസ്ട്രേഷന്‍ സ്ലിപ്പുകള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ബാങ്കുകള്‍. 

  

സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാതിരുന്നതോടെ ബാങ്കുകള്‍ കര്‍ഷകരെ ലക്ഷ്യംവെച്ചു. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ എത്തിതുടങ്ങി. നെല്ല് സംഭരിക്കുകയും ബാങ്കുകൾ പിആര്‍എസ് സ്വീകരിക്കാതെയും വന്നതോടെ സംസ്ഥാനത്ത് തന്നെ ആയിരകണക്കിന് കർഷകരാണ് കടകെണിയിലായിരിക്കുന്നത്.