എയ്ഡഡ് സ്കൂളിലെ അധ്യാപക തസ്തിക; പുതിയ തീരുമാനവുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെ അധ്യാപക തസ്തിക നിര്‍ണയത്തില്‍ പുതിയ തീരുമാനവുമായി  സര്‍ക്കാര്‍. മുപ്പത്തിയാറ് കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ അനുവദിക്കുന്ന ഫയലില്‍ ധനമന്ത്രി ഒപ്പിട്ടു. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സ്കൂള്‍ മാനേജുെമന്റുകള്‍.

   

എല്‍.പി.ക്ലാസുകളില്‍ മുപ്പത് കുട്ടികള്‍ക്ക് ഒരുഅധ്യാപകന്‍ എന്നതാണ്ചട്ടം. ഒരു കുട്ടി കൂടിയാല്‍ തന്നെ സ്വകാര്യമാനേജ്മെന്റുകള്‍ പുതിയ തസ്തിക സൃഷ്ടിക്കുകയാണന്നും സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതി നിയന്ത്രിക്കുമെന്നുമായിരുന്നു ബജറ്റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനെതിരെ സ്കൂള്‍ മാനേജുമെന്റുകള്‍ രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ഇതനുസരിച്ച് ആറു കുട്ടികള്‍ വരെ അധികമായാല്‍ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കാം. സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന് മാത്രം. ധനമന്ത്രി ഫയലില്‍ ഒപ്പിട്ടതോടെ ഇത് ഉടന്‍ ഉത്തരവായിറങ്ങും. 

ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനേയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്റ വ്യക്തമാക്കി. ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തസ്തിക നിര്‍ണയം  കോടതി കയറുമെന്ന് ഉറപ്പായി.