പുതിയ സ്വീവറേജ് സര്‍ക്കിള്‍ രൂപീകരിക്കും; കക്കൂസ് മാലിന്യ സംസ്കരണ ഏകോപനം ലക്ഷ്യം

ജല അതോറിട്ടിക്ക് കീഴില്‍ പുതിയ സ്വീവറേജ് സര്‍ക്കിള്‍ രൂപീകരിക്കാന്‍ തീരുമാനം. സംസ്ഥാനത്തെ കക്കൂസ് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ജല അതോറിട്ടിക്ക് കീഴില്‍ പുതിയ സ്വീവറേജ് സര്‍ക്കിള്‍ ആരംഭിക്കുന്നത്. കൊച്ചി ആസ്ഥാനമായി രൂപീകരിക്കുന്ന സര്‍ക്കിളിന് കീഴിലായിരിക്കും കക്കൂസ് മാലിന്യം നീക്കം ചെയ്യല്‍, സംസ്‌കരിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഇനിമുതല്‍ നടക്കുക.

സ്വകാര്യ ഏജന്‍സികള്‍ കക്കൂസ് മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളിലും നദികളിലും നിക്ഷേപിക്കുന്നുവെന്ന പരാതികള്‍  പതിവാകുന്നതോടെയാണ് മാലിന്യ ശേഖരണം ഏകോപിപിക്കാനുള്ള ജല അതോറിറ്റിയുടെ തീരുമാനം. ആദ്യഘട്ടമായി ഒരു സൂപ്രണ്ടിങ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. ഘട്ടംഘട്ടമായി ഈ സര്‍ക്കിളിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന പുതിയ സ്വീവറേജ് പദ്ധതികളുടെ ചുമതലയും തല്‍ക്കാലം കൊച്ചി സര്‍ക്കിളിനാണ്. പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രത്തില്‍ ഏകോപിക്കപ്പെടുന്നതിനാല്‍ വിവിധ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും

പുതിയ സര്‍ക്കിള്‍ രൂപീകരണം സാഹയകമാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനമൊട്ടുക്കും ഏകീകൃത മാതൃക കൊണ്ടുവരാനും സാങ്കേതിക വിദ്യയുടെ സഹായം എല്ലായിടത്തും ലഭ്യമാക്കാനും പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.