ഇവള്‍ ഇനി ഹോളിക്കുഞ്ഞ്; കരുതലിന്‍റെ കരങ്ങളില്‍ സുരക്ഷിത: ഹൃദ്യം

മരണം നിയന്ത്രിത സ്ഫോടനമായെത്തുന്നതറിയാതെ മരടിലെ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു സമീപം അത്തിമരക്കൊമ്പില്‍ കഴിഞ്ഞ കാക്കക്കുഞ്ഞ് ഇന്ന് ജയശ്രിയുടെ പൊന്‍കുഞ്ഞ്. കൂട്ടിലെ കാക്കകളുടെ നിസ്സഹായത പറഞ്ഞ മനോരമ ന്യൂസ് കണ്ട ജയശ്രി സ്ഫോടനത്തലേന്ന് തന്നെ കുഞ്ഞിനെ കൂടോടെ ഏറ്റെടുത്തു. ഹോളിഫെയ്ത്തിന്റെ ഒാര്‍മയ്ക്കായി കാക്കക്കുഞ്ഞിന് ഹോളിയെന്ന് പേരും നല്‍കി.

പൊളിഞ്ഞു വീഴും മുമ്പ് ഈ കോണ്‍ക്രീറ്റ് സൗധത്തിനരികിലെ അത്തിമരക്കൊമ്പിലുമുണ്ടായിരുന്നു കുഞ്ഞു ജീവന്‍ തുടിക്കുന്ന കൂടൊന്ന്. ഹോളി ഫെയ്ത് എന്ന ഈ സ്വപ്നഭവന സമുച്ചയം തകര്‍ന്നു വീഴുന്നതിന്‍റെ തലേന്നിവിടെയെത്തിയ ഞങ്ങളുടെ ക്യാമറയില്‍ ആ കൂടും അതിലെ ജീവനും പതിഞ്ഞിരുന്നു. 

ഹോളിഫെയ്ത്തിനൊപ്പം ഈ കുഞ്ഞുകിളിക്കൂടും തകര്‍ന്നു പോകുമോയെന്ന പേടി പ്രേക്ഷകരുമായി പങ്കുവച്ചാണ് അന്നു ഞങ്ങളവിടുന്ന് മടങ്ങിയത്. അതെ, ജയശ്രീയെന്ന വീട്ടമ്മ നീട്ടിയ കരുതലിന്‍റെ കരങ്ങളില്‍ സുരക്ഷിതയായി ആ കിളിക്കുഞ്ഞ് ഇന്നും ജീവിക്കുന്നു. അവളിന്നീ വീട്ടിലെ ഹോളിക്കുഞ്ഞാണ്.

കൂടെയുണ്ടായിരുന്നവര്‍ക്കെല്ലാം കൂടുപേക്ഷിച്ച് പറന്നകന്നു പോകേണ്ടി വന്നപ്പോള്‍ വിധിക്കു വിട്ടു കൊടുക്കാതെ ഈ കുഞ്ഞുജീവനെ കാക്കാന്‍ തീരുമാനിച്ചതിന്‍റെ കഥ ജയശ്രീ ഞങ്ങളോട് പറഞ്ഞു.

ഇന്ന് ജയശ്രീ ഹോളിക്കുഞ്ഞിന്‍റെ കൂടി അമ്മയാണ്. ഈ വീട്ടിലുളളവരെല്ലാം കുടുംബാംഗങ്ങളും. ഹോളിക്കുഞ്ഞിനെ അന്നമൂട്ടാനും, സുരക്ഷിതയായി സൂക്ഷിക്കാനുമെല്ലാം കണ്ണുചിമ്മാതെ കൂടെയിരിക്കുകയാണീ കുടുംബം.