അയ്യായിരം നര്‍ത്തകിമാര്‍ അണിനിരന്ന മോഹിനിയാട്ടം; വേദിയൊരുക്കി എസ്.എന്‍.ഡി.പി

അയ്യായിരം നര്‍ത്തകിമാര്‍ അണിനിരന്ന മോഹിനിയാട്ടം തൃശൂരില്‍ അരങ്ങേറി. എസ്.എന്‍.ഡി.പിയാണ് വേദിയൊരുക്കിയത്. 

ശ്രീനാരായണഗുരു രചിച്ച കുണ്ഡലിനിപാട്ടിന്റെ നൃത്താവിഷ്ക്കാരമായിരുന്നു ഇത്. കേരളത്തിന് അകത്തും പുറത്തുമുള്ള അയ്യായിരം നര്‍ത്തകിമാര്‍ അണിനിരന്നു. ഗിന്നസ് റെക്കോര്‍ഡ് കൂടി ലക്ഷ്യമിട്ടായിരുന്നു നൃത്താവിഷ്ക്കാരം. ഗിന്നസ് ബുക് അധികൃതരും സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. വടക്കുന്നാഥ ക്ഷേത്ര മൈതാനമായിരുന്നു വേദി. ഗുരുദര്‍ശനത്തിന്‍റെ തിളക്കമാണ് നൃത്താവിഷ്ക്കാരത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഗീത സംവിധായകനും വയലിനിസ്റ്റുമായ അജിത് എടപ്പള്ളിയായിരുന്നു സംവിധാനം ചെയ്തത്. ഗായകന്‍ മധു ബാലകൃഷ്ണനാണ് പാടിയത്. പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയുമായ ഡോക്ടര്‍ ധനുഷ്യ സന്യാലാണ് നൃത്തം പരിശീലിപ്പിച്ചത്. 

ഏകാത്മകം മെഗാ ഇവന്റ് എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.