‘കേരള ഗവർണർ, ഒപ്പം ബിജെപി അധ്യക്ഷനും’; ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപേജിൽ എഡിറ്റിങ്; തിരുത്തി

ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ സമൂഹമാധ്യമങ്ങളും അതു ഏറ്റുപിടിക്കുകയാണ്. വിമർശിച്ചും അനുകൂലിച്ചും ദിവസങ്ങളായി ട്രോൾ പേജുകളിൽ വിഷയം ചർച്ചയാണ്. ഇപ്പോഴിതാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിക്കിപീഡിയ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിച്ചേർത്തു. ‌ഇന്ന് രാവിലെയാണ് ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ കേരള ഗവർണർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂടി ചേർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.

ഇതോടെ പേജ് തിരുത്തി പഴയ പോലെയാക്കി. എന്നാൽ വീണ്ടും ഇത്തരത്തിൽ കൂട്ടിച്ചേർക്കൽ നടന്നു. ഇപ്പോൾ പേജ് പഴയപോലെയാണ്. ബിജെപി അധ്യക്ഷൻ എന്ന കൂട്ടിച്ചേർക്കൽ തിരുത്തിയിട്ടുണ്ട്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാനസർക്കാർ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. ഇതോടെയാണ് വിമർശനങ്ങളും പിന്തുണയും സജീവമായത്.