തലയിൽ മുഴയുമായി നാടോടി യുവതി, സഹായവുമായി ആരോഗ്യമന്ത്രി; നിറകയ്യടി

ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ നട്ടം തിരിഞ്ഞ നാടോടി കുടുംബത്തിന് സഹായവുമായി ആരോഗ്യമന്ത്രി. ഒരുലക്ഷത്തോളം ചിലവുവരുന്ന ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത് മലയാള മനോരമയാണ്. സാമൂഹിക സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സ നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 

ഈ കുഞ്ഞോമനകള്‍ക്ക് ഇനിയും അവരുടെ അമ്മയുടെ വാല്‍സല്യം ആവോളം നുകരാം. ജീവനുതന്നെ ഭീഷണിയായ തലയിലെ മുഴയുമായി ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ സ്നേഹമല്ലാതെ മറ്റൊന്നും ഇവരുടെ കൈയ്യിലുണ്ടായിരുന്നില്ല. അസഹ്യമായ തലവേദനയുമായാണ് ഒരാഴ്ച്ച മുമ്പ് രാജസ്ഥാന്‍ സ്വദേശികളായ സാബറിനും ഭര്‍ത്താവ് നിസാമുദീനും ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ തലയില്‍ മുഴ കണ്ടെത്തുകയും ഒരു ലക്ഷത്തോളം രൂപ ചിലവുവരുന്ന ശസ്ത്രക്രിയ നടത്തണമെന്ന്  ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ബലൂണ്‍ കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന ഈ കുടുംബത്തിന് രോഗത്തോട് വിധേയപ്പെടുകയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തയുണ്ടായിരുന്നില്ല.

ഭാഷയറിയാതെ ആരോട് സഹായം ചോദിക്കുമെന്നറിയാതെ നിന്ന കുടുംബത്തിന്റെ ദാരുണ അവസ്ഥ മലയാള മനോരമ വാര്‍ത്തയാക്കിയതോടെ ആരോഗ്യ മന്ത്രി തന്നെ ഇടപെട്ടു. സാമൂഹിക സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സ നല്‍കാന്‍ മന്ത്രി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നിര്‍ദേശവും നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ശസ്ത്രക്രിയ നടക്കും.