അന്ന് സാമൂഹ്യവിരുദ്ധരുടെ താവളം; ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം; മാതൃക

സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന ഒരു പാറക്കൂട്ടത്തിന്റെ തലവര മാറ്റിയിരിക്കുകയാണ് പ്രദേശത്തെ യുവാക്കള്‍. കൊല്ലം ആയൂര്‍ ചെറുവക്കല്‍ പാറക്കൂട്ടത്തില്‍ മലരണി ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബിന്റെ മുന്‍കൈയ്യിലാണ് ചിത്രങ്ങള്‍ പിറന്നത്. 

മാലിന്യവും മദ്യക്കുപ്പികളും നിറഞ്ഞിടത്തു നിന്നാണീ രൂപമാറ്റം.ആയൂര്‍ അമ്പലംകുന്ന് റോഡിലൂടെ പോകുമ്പോള്‍ ചെറുവക്കല്‍ പാറയ്ക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്തേണ്ട അവസ്ഥയായിരുന്നു. മലരണി ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബിലെ യുവാക്കളുടെ ആശയമാണ് പാറയെ ഇത്തരത്തില്‍ മാറ്റിയത്. കൊല്ലം ജില്ലയുടെ പ്രതീകങ്ങളായ തങ്കശേരി വിളക്കുമാടം, പുനലൂര്‍ തൂക്കുപാലം തുടങ്ങി ഒട്ടേറെ ചിത്രങ്ങളുണ്ടിവിടെ. ആര്‍ട്ടിസ്റ്റ് ജോയി കൊട്ടാരക്കരയാണ് ചിത്രങ്ങള്‍ വരച്ചത്.

സഞ്ചാരികള്‍ പതിവായതോടെ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ പാറയില്‍ വിശ്രമ കേന്ദ്രങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് ക്ലബ് അംഗങ്ങള്‍.