പന്നിയുടെ ജഡമെന്ന് കരുതി; സംശയം തോന്നി പരിശോധന; തെളിഞ്ഞത് ഇരട്ടക്കൊല

കോഴിക്കോട്: മണാശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പി.വി.ബിർജു, കൊലപ്പെട്ട ഇസ്മായിലിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയത് അമ്മയെ കൊലപ്പെടുത്താൻ സഹായിച്ചതിന്റെ പ്രതിഫലം നൽകാനെന്ന പേരിൽ. ഇരുവരും ചേർന്നു ജയവല്ലിയെ കൊലപ്പെടുത്തിയ അതേ മുറിയിലെ കട്ടിലിലാണ് ഇസ്മായിലിനെയും കൊലപ്പെടുത്തിയതെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2016 മാർച്ചിലാണ്  ഇരുവരും ചേർന്നു ജയവല്ലിയെ കൊലപ്പെടുത്തിയത്.

സഹായിച്ചതിനു പ്രതിഫലമായി 2  ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ,  സംഭവം നടന്നു ഒരു വർഷം കഴിഞ്ഞിട്ടും പണം നൽകിയില്ല. ഇതിനിടെ ബിർജു വീടും സ്ഥലവും വിൽക്കാനുള്ള ശ്രമം തുടങ്ങി. 30 ലക്ഷം രൂപയ്ക്കു കച്ചവടം ഉറപ്പിച്ചെന്നും അഡ്വാൻസായി 10 ലക്ഷം രൂപ ബിർജു കൈപ്പറ്റിയെന്നും ഇസ്മായിലിനു വിവരം ലഭിച്ചു. തുടർന്നാണ് ഇയാൾ മലപ്പുറത്തു നിന്നു മുക്കത്തെത്തിയത്. പണം നൽകിയില്ലെങ്കിൽ കൊലപാതക വിവരം പുറത്തുപറയുമെന്ന് ബിർജുവിനെ ഭീഷണിപ്പെടുത്തി.

2016 ജൂൺ 18നു രാത്രി വീട്ടിലെത്തിയാൽ പണം നൽകാമെന്നു ബിർജു ഉറപ്പുനൽകി. ഭാര്യയെയും മകളെയും ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി വീട്ടിലെത്തിയ ഇസ്മായിലിന് അമിത അളവിൽ മദ്യം നൽകി. ബോധരഹിതനായി ഇയാൾ കട്ടിലിൽ കിടക്കുമ്പോൾ കയർ ഉപയോഗിച്ചു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം രാത്രി വീട്ടിൽ സൂക്ഷിച്ചു. പിറ്റേദിവസം രാവിലെ എൻഐടിക്കു സമീപത്തെ കട്ടാങ്ങൽ ജംക്‌ഷനിലെ കടയിലെത്തി ചാക്കും ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകളും സർജിക്കൽ ബ്ലേഡും വാങ്ങി മടങ്ങി. വൈകിട്ടു കട്ടിലിൽ നിന്നു മൃതശരീരം നിലത്തേക്കിട്ടു സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചു പല കഷണങ്ങളാക്കി. രണ്ടു കൈകളും തലയും ഒരു കവറിലും കാലുകൾ മടക്കി ഓരോ കവറിലുമാക്കി. ബാക്കിയുള്ള ശരീരഭാഗം മറ്റൊരു കവറിലുമിട്ടു ചാക്കിലാക്കി. 

രാത്രി ഓരോ ചാക്കുകളാക്കി ബൈക്കിൽ വച്ചുകെട്ടി വീട്ടിൽ നിന്നു 4 കിലോമീറ്റർ അകലെയുള്ള അഗസ്ത്യൻമുഴി പാലത്തിലെത്തി പുഴയിലേക്കു വലിച്ചെറിഞ്ഞു. 3 ചാക്കുകൾ ഇങ്ങനെ വലിച്ചെറിഞ്ഞു. ഉടൽ ഭാഗമുള്ള നാലാമത്തെ ചാക്കുമായി പാലത്തിനടുത്തെത്തിയപ്പോൾ ഇതിലൂടെ ആളുകൾ നടന്നുവരുന്നതു കണ്ടു. ബൈക്ക് നിർത്താതെ തിരുവമ്പാടി റൂട്ടിലേക്ക് ഓടിച്ചുപോവുകയും 1.5 കിലോമീറ്റർ അകലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിലെ റോഡരികിൽ ആളുകൾ മാലിന്യം തള്ളുന്ന ഭാഗത്ത് ഉപേക്ഷിക്കുകയും ചെയ്തു.

ഒരു മാസത്തിനുള്ളിൽ വീടിന്റെയും സ്ഥലത്തിന്റെയും വിൽപന നടത്തി തമിഴ്നാട്ടിലേക്കു പോയി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇസ്മായിലിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുക്കുമ്പോൾ സ്ഥലം വിറ്റു നാടുവിടാനുള്ള തിടുക്കത്തിലായിരുന്നു ബിർജു. ചെറുപ്പത്തിൽ പിതാവിനൊപ്പം കാട്ടിൽ വേട്ടയ്ക്കു പോയിരുന്ന ബിർജുവിന് മൃഗങ്ങളെ അറുത്തുമുറിച്ചുള്ള പരിചയമുണ്ടായിരുന്നെന്നും തെളിവുനശിപ്പിക്കാൻ ഈ രീതി തിരഞ്ഞെടുക്കാൻ ഇതാണു കാരണമെന്നും ക്രൈം ബ്രാ‍ഞ്ച് പറയുന്നു.

ഇന്നു തെളിവെടുപ്പ് 

പ്രതി പി.വി.ബിർജുവിനെ ഇന്നു ക്രൈം ബ്രാഞ്ച്  വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. രണ്ടു കൊലപാതകങ്ങളും നടന്ന  നടന്ന മുക്കം വെസ്റ്റ് മണാശേരിയിലെ വീട്, മൃതദേഹഭാഗങ്ങൾ പുഴയിലേക്കു വലിച്ചെറിഞ്ഞ അഗസ്ത്യൻമൂഴി പാലം, ഉടൽഭാഗം ഉപേക്ഷിച്ച കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ്, മൃതദേഹം മുറിക്കാനുള്ള സർജിക്കൽ ബ്ലേഡും മറ്റും വാങ്ങിയ കട്ടാങ്ങൽ ജംക്‌ഷനിലെ കട എന്നിവിടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുക്കും. ഇന്നലെ താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു.

പന്നിയുടെ ജഡമെന്ന് കരുതി;സംശയം തോന്നി പരിശോധന

പന്നിയുടെ ജഡമാണെന്നു കരുതി മറവുചെയ്തിരുന്നെങ്കിൽ 2 കൊലപാതകങ്ങളുടെ ചുരുളഴിയാതെ പ്രതി രക്ഷപ്പെടുമായിരുന്നു. കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റ് തടപറമ്പ് റോഡിൽ മാലിന്യങ്ങൾക്കിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ 2017 ജൂലൈ 6ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ പ്രത്യക്ഷത്തിൽ പന്നിയുടെ ജഡമാണെന്നാണു തോന്നിയത്. പിന്നീട്, സംശയം തോന്നിയ നാട്ടുകാർ ഇതു പരിശോധിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. വിശദപരിശോധനയിൽ പുരുഷന്റെ മൃതശരീര ഭാഗങ്ങളാണെന്നു കണ്ടെത്തി. കൈകാലുകളും തലയും വേർപെട്ട നിലയിലാണ് ചാക്കിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.