ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ശ്രമം; താക്കീതായി മാവോയിസ്റ്റ് ആക്രമണം

വയനാട് മേപ്പാടി അട്ടമലയില്‍ വില്ലയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. ആദിവാസി സ്ത്രീകളെ വിനോദസഞ്ചാരികള്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നതിനുള്ള താക്കീതാണ് ഇതെന്ന പോസ്റ്ററുകളും സമീപത്ത് പതിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് അട്ടമലയിലെ വില്ലയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ഇതിനകത്ത് ആരും ഉണ്ടായിരുന്നില്ല. കാവല്‍ക്കാരന്‍ അവധിയായിരുന്നു. വില്ലയുടെ എല്ലാ ഭാഗത്തുമുള്ള വാതിലുകളുടെയും ജാലകങ്ങളുടെയും ചില്ലുകള്‍ അടിച്ചുടച്ച നിലയിലാണ്.

പുറത്തുള്ള മുറിയില്‍ സൂക്ഷിച്ച വലയ്ക്ക് തീയിടുകയും ചെയ്തു. നാലുപേരടങ്ങയി സംഘമാണ് എത്തിയതെന്നാണ് സൂചന. അടുത്തുള്ള ആദിവാസി കോളനിയിലും കഴിഞ്ഞ ദിവസം ഒരു സംഘം എത്തിയിരുന്നു. 

കഴിഞ്ഞ സീസണില്‍ ഭക്ഷണസാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ആദിവാസി കോളനികളിലെ സ്ത്രീകളെ വിനോദസഞ്ചാരികള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും നടത്തിപ്പുകാര്‍ ഇതിന് കൂട്ടുനിന്നെന്നും സമീപത്ത് പതിപ്പിച്ച് പോസ്റ്ററില്‍ പറയുന്നു. 

ആദിവാസികള്‍ ആരുടെയും കച്ചവടവസ്തുവല്ലെന്നും സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ ഒട്ടിച്ച പോസ്റ്ററിലുണ്ട്. എത്തിപ്പെടാന്‍ പ്രയാസമുള്ള മേഖലയാണിത്. കല്‍പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാളവിദ്ഗദരും ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തി.