പൊളിഞ്ഞുവീഴുന്നതിന് സാക്ഷിയായി ഈ കിച്ചു; ഒഴിപ്പിക്കലില്‍ ഒറ്റയായി; കണ്ണീര്‍

കാത്തോളണേ : മരട് നെട്ടൂരിൽ ആൽഫ സെറീൻ ഫ്ലാറ്റിനു സമീപത്തെ താമസക്കാരൻ നികർത്തിൽ ബൈജു തന്റെ നായ കിച്ചുവിനു ചുംബനം നൽകി വീട് ഒഴിഞ്ഞുപോകുന്നു. താൽക്കാലികമായി താമസിക്കാൻ പോകുന്ന വീട്ടിൽ മറ്റൊരു നായ ഉള്ളതിനാലാണു കിച്ചുവിനെ ഒപ്പം കൂട്ടാത്തത്. മാത്രമല്ല ആളൊഴിയുന്ന വീടു വിശ്വസ്തതയോടെ ഏൽപിക്കാൻ പറ്റുന്നതും കിച്ചുവിനെയാണെന്നു ബൈജു പറയുന്നു. (ചിത്രം. ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

ആൽഫാ സെറീൻ ഫ്ലാറ്റിൽ നിന്ന് 50 മീറ്ററിനുള്ളിലെ ഇ‌ടിഞ്ഞു പൊളിഞ്ഞ കൂരയിൽ നിന്നു കിച്ചുവിന്റെ കരച്ചിൽ കേൾക്കാം.കിച്ചു ഒരു നായയാണ്. കിച്ചുവിനെ ഉടമസ്ഥർ ഉപേക്ഷിച്ചു പോയതല്ല. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടു മാറി നിൽക്കേണ്ടി വന്നപ്പോൾ നികർത്തിൽ ബൈജുവിനും (43), സഹോദരി രാധയ്ക്കും (45) കിച്ചുവിനെ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ല.

അധികൃതരുടെ മുന്നറിയിപ്പു പ്രകാരം ഇവർ വാടകവീട്ടിലേക്കു മാറി.  വിവരങ്ങൾ അറിയാൻ ടിവിയോ ഫോണോ ഇവർക്കില്ല. അച്ഛനുമമ്മയും വർഷങ്ങൾക്കു മുൻപു മരിച്ചു. തെരുവിൽ നിന്നു വീട്ടിലേക്കു വന്നുകയറിയതാണു കിച്ചു.ഇപ്പോൾ വീട്ടിലെ ഒരംഗം തന്നെയാണ്.

ഫ്ലാറ്റ് പൊളിക്കുമ്പോൾ മാറിത്താമസിക്കണമെന്ന് അധികൃതർ പറഞ്ഞതോടെ ഇന്നലെ വൈകിട്ടു വീടൊഴിഞ്ഞു. നായയെ കൂട്ടിലടച്ചു പോകാനാണ് അധികൃതർ പറഞ്ഞത്. ‘അടുക്കളയിലെ കോണിൽ കെട്ടിയിടാറുള്ള നായയെ ഏതു കൂട്ടിലടയ്ക്കാൻ’– രാധ ചോദിക്കുന്നു. വീടു മാറിയെങ്കിലും ഇന്നലെയും കിച്ചുവിനു ഭക്ഷണം കൊടുക്കാൻ എത്തി. ഫ്ലാറ്റ് പൊളിക്കുമ്പോൾ കിച്ചുവിനെന്തെങ്കിലും സംഭവിച്ചാൽ– ഇരുവരുടെയും സങ്കടം വാക്കുകളെ മുറിക്കുന്നു.