കൊച്ചിക്കായലിന്റെ സൗന്ദര്യം നുകർന്ന് രാഷ്ട്രപതി; അസ്തമയം കണ്ടത് നെഫ്രെറ്റിറ്റിയിൽ

കൊച്ചിക്കായലില്‍ അസ്തമയം ആസ്വദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന സര്‍ക്കാരിന്‍റെ ആഡംബര നൗകയായ നെഫ്രെറ്റിറ്റിയില്‍ ആയിരുന്നു രാഷ്ട്രപതിയുടെ കായല്‍ സവാരി. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനും രാഷ്ട്രപതിക്കൊപ്പം ഉണ്ടായിരുന്നു.

കൊച്ചിയുടെ കായല്‍ക്കാഴ്ചകളും, കായലില്‍ നിന്നുള്ള അസ്തമയ ദൃശ്യവും രാഷ്ട്രപതിയുടെ മനസ് കീഴടക്കി. വൈകിട്ട് അഞ്ചരയോടെ പോര്‍ട്ട് ട്രസ്റ്റിന്‍റെ വാര്‍ഫില്‍ നിന്നാണ് രാഷ്ട്രപതിയുടെ കായല്‍ യാത്ര തുടങ്ങിയത്. വല്ലാര്‍പാടവും മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും കണ്ട് അഴിമുഖത്തേക്ക്. അഴിമുഖത്ത് അതിമനോഹരമായ അസ്തമയം. യാത്രയിലുടെ നീളം കായലില്‍ നിന്നുള്ള കൊച്ചിക്കാഴ്ചകള്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി പ്രശാന്ത് നായര്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിവരിച്ചു നല്‍കി.

മുഴുവന്‍ സമയവും നെഫ്രെറ്റിറ്റിയുടെ ഡെക്കില്‍ ചെലവഴിച്ച രാഷ്ട്രപതി യാത്ര ഏറെ ആസ്വദിച്ചു. രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും കുടുംബാംഗങ്ങള്‍ക്കും കൊച്ചിക്കായലിലൂടെയുള്ള യാത്ര ഇഷ്ടപ്പെട്ടു. അതിഥികള്‍ക്കായി സംഗീതവിരുന്നും ഒരുക്കിയിരുന്നു.

അസ്തമയം കണ്ട ശേഷം മറൈന്‍ ഡ്രൈവ് വരെ പോയി കാഴ്ചകള്‍ കണ്ടാണ് രാഷ്ട്രപതി യാത്ര അവസാനിപ്പിച്ചത്. പൊലീസിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും കനത്ത സുരക്ഷാ ക്രമീകരണങ്ങളിലായിരുന്നു രാഷ്ട്രപതിയുടെ കായല്‍ യാത്ര.