രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും

മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദേശം ഐക്യകണ്ഠേന അംഗീകരിച്ചതായി സംയുക്ത പ്രസ്താവനയിലൂടെ പ്രതിപക്ഷം അറിയിച്ചു. വാജ്പേയി സര്‍ക്കാരില്‍ ധന, വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2018ലാണ് ബിജെപി വിട്ടത്. 

ഭരണപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാരെന്ന് അറിയുന്നതിന് മുമ്പ് തന്നെ പൊതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷത്തിന്‍റെ ശക്തിപ്രകടനം. സിവില്‍ സര്‍വ്വീസില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി, വാജ്പേയി സര്‍ക്കാരിലെ പ്രമുഖനായി വാണ യശ്വന്ത് സിന്‍ഹയ്ക്കാണ് പൊതുസ്വീകാര്യതയെന്ന അളവുകോലില്‍ നറുക്ക് വീണത്. 

മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ ഗാന്ധിയുടെയും നാഷണല്‍ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെയും പേരുകളായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്. മത്സരത്തിനില്ലെന്ന് ഇരുവരും അറിയിച്ചതോടെ യശ്വന്ത് സിന്‍ഹയുടെ പേര് ഇന്നലെ എന്‍.സി.പി നേതാവ് ശരദ് പവാറിന്‍റെ വസതിയില്‍ ചേര്‍ന്ന അനൗപചാരിക യോഗത്തില്‍ നിര്‍ദേശിക്കപ്പെട്ടു.  നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായ യശ്വന്ത് സിന്‍ഹ ആ സ്ഥാനങ്ങള്‍ രാജിച്ചാല്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നിലപാടെടുത്തു. സ്ഥാനങ്ങള്‍ ഇന്ന് രാവിലെ സിന്‍ഹ രാജിവച്ചു. ഇതോടെ ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്‍റ് മന്ദിരത്തില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ യശ്വന്ത് സിന്‍ഹയുടെ പേര് എതിര്‍പ്പുകളൊന്നുമില്ലാതെ അംഗീകരിക്കപ്പെടുകയായിരുന്നു. 

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത് മുതല്‍, ബിജെപിക്കകത്തെ വിമത സ്വരമായിരുന്നു യശ്വന്ത് സിന്‍ഹ. മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക, വികസന, രാഷ്ട്രീയ നയങ്ങളെ ശക്തമായി എതിര്‍ത്ത സിന്‍ഹ 2018ല്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞ വര്‍ഷമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പൊതുസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പിക്കാന്‍ ഇതുവരെ പ്രതിപക്ഷ സഖ്യത്തിനായിട്ടില്ല. ബിജെഡി, വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ച ബിജെപിക്ക് വിജയം സുനിശ്ചിതമാണ്.