വീടിനുള്ളില്‍ കൊള്ളക്കാര്‍; സംസാരം ഇംഗ്ലീഷില്‍; വീട്ടുകാരെ ബന്ദിയാക്കി കവര്‍ച്ച

സ്ഥലം: മണ്ണുത്തി ദേശീയപാത. സമയം: പുലര്‍ച്ചെ രണ്ടര

മണ്ണുത്തി പൊലീസ് രാത്രികാല പട്രോളിങ് നടത്തുകയായിരുന്നു. ഡോണ്‍ബോസ്കോ സ്കൂളിനു സമീപം വഴിയരികില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. വെള്ള കാര്‍. പൊലീസ് സംഘം വണ്ടിയുടെ അടുത്തേയ്ക്കു ചെന്നു. കാറിലുള്ളവരെ തട്ടിവിളിച്ചു. ''ഉറക്കം വന്ന കാരണം നിര്‍ത്തിയിട്ടതാണ്.'' പൊലീസ് ഇവരുടെ ഡ്രൈവിങ് ലൈന്‍സ് വാങ്ങി ഫൊട്ടോയെടുത്തു. കാറിന്‍റെ നമ്പറും എഴുതിയെടുത്തു. വിലാസവും എഴുതിയെടുത്തു.

സ്ഥലം: മണ്ണുത്തി ദേശീയപാത. സമയം: പുലര്‍ച്ചെ മൂന്നര

മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂളിന്റെ എതിര്‍വശത്തുള്ള ഡോക്ടര്‍ ക്രിസ്റ്റോയുടെ വീട്ടില്‍ കവര്‍ച്ചാസംഘം. വീടിന്‍റെ മുന്‍വശത്തെ വാതില്‍ തകര്‍ത്തു അകത്തു കയറി. താഴത്തെ മുറിയില്‍ ഡോക്ടറുടെ അമ്മയായിരുന്നു. ആദ്യം ഈ മുറിയില്‍ എത്തി. പിന്നെ, അമ്മയോട് ചോദിച്ചു ''വീട്ടില്‍ മാറ്റാരുമില്ലേ, ഞങ്ങള്‍ ഉപദ്രവിക്കില്ല. അവരെ വിളിക്ക്''. കവര്‍ച്ചാസംഘം അമ്മയേയും കൊണ്ട് മുകളിലത്തെ മുറിയിലേയ്ക്കു പോയി. ശബ്ദംകേട്ടുണര്‍ന്ന ഡോക്ടറും ഭാര്യയും മക്കളും കണ്ടത് കള്ളന്‍മാരെ. ഇംഗ്ലിഷില്‍ കള്ളന്‍മാര്‍ പറഞ്ഞു. ''ആരേയും ഉപദ്രവിക്കില്ല. ഞങ്ങള്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ വന്നതാണ്''. വേഗം ആഭരണങ്ങള്‍ ഊരിനല്‍കി. അലമാരയിലെ സ്വര്‍ണവും എടുക്കാന്‍ പറഞ്ഞു. പണവും എടുത്തു നല്‍കി. 

മുകളിലത്തെ മുറിയിലാക്കി

കവര്‍ച്ചാസംഘം വീട്ടുകാരെ എല്ലാവരേയും മുകളിലത്തെ മുറിയിലാക്കി. ''പുറത്തിറങ്ങരുത്. പൊലീസിനെ വിളിക്കരുത്. ഇനി, പൊലീസിനെ വിളിച്ചാല്‍ ഞങ്ങളുടെ മറ്റൊരു സംഘം വന്ന് നിങ്ങളെ കൊന്നു കളയും''. പേടിച്ചുവിരണ്ട ഡോക്ടറും കുടുംബവും ആ മുറിയ്ക്കുള്ളില്‍തന്നെ കഴിഞ്ഞു. എങ്ങനേയും നേരംവെളുത്താല്‍ മതിയെന്ന് കാത്തിരുന്നു. നേരം വെളുത്ത ശേഷം അയല്‍വാസികളെ വിളിച്ചു വരുത്തി പൊലീസിനെ അറിയിക്കാന്‍ പറഞ്ഞു. പൊലീസ് എത്തി പരിശോധിക്കുമ്പോഴാണ് പുലര്‍ച്ചെ വീടിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടി കവര്‍ച്ചാസംഘത്തിന്റേതാണെന്ന് മനസിലായത്.

നല്‍കിയത് കൊല്ലപ്പെട്ടയാളുടെ ലൈസന്‍സ്

ഡോക്ടറുടെ വീടിനു മുമ്പില്‍ ദേശീയപാതയ്ക്കരികിലായി കവര്‍ച്ചാസംഘം നിര്‍ത്തിയിട്ട കാറിനു സമീപം പൊലീസ് വന്നപ്പോള്‍ നല്‍കിയ ഡ്രൈവിങ് ലൈസന്‍സ് വ്യാജമായിരുന്നു. ആറു മാസം മുമ്പ് മധുരയില്‍ കൊല്ലപ്പെട്ടയാളുടെ ഡ്രൈവിങ് ലൈസന്‍സ്. വണ്ടിയുടെ നമ്പറും വ്യാജം. തമിഴ്നാട്ടില്‍ നിന്ന് മോഷ്ടിച്ച വണ്ടിയാണെന്ന് സംശയിക്കുന്നു. പുലര്‍ച്ചെ പൊലീസിനു നല്‍കിയ വിലാസവും വ്യാജമായിരുന്നു.

സിസിടിവി ഹാര്‍ഡ് ഡിസ്ക്ക് തട്ടിയെടുത്തു

വീട്ടില്‍ സിസിടിവി കാമറകളുണ്ടായിരുന്നു. ആ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പതിഞ്ഞ ഹാര്‍ഡ് ഡിസ്ക്ക് കള്ളന്‍മാര്‍ കൊണ്ടുപോയി. ടോള്‍പ്ലാസയിലെ കാമറകളില്‍ കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇതേകവര്‍ച്ചാ സംഘം ഇതേകാറുമായി കൊല്ലത്തും പിടിച്ചുപറി ശ്രമം നടത്തിയതായി വിവരമുണ്ട്. തൃശൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചാണ് അന്വേഷണം.