മണ്ഡലകാല സേവനത്തിന് വിളിപ്പിച്ചു; താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി നൽകാതെ കെഎസ്ആർടിസി

മണ്ഡലകാല സേവനത്തിനായി നിലക്കലിലേക്ക് വിളിപ്പിച്ച കെഎസ്ആർടിസി താത്കാലിക ഡ്രൈവർമാരെ ഡ്യൂട്ടിനൽകാതെ കഷ്ടപെടുത്തുന്നതായി പരാതി. വിവിധ ഡിപ്പോകളിൽനിന്ന് എത്തിയ നൂറിലധികം ഡ്രൈവർമാർക്കാണ് ദുരിതം. സ്ഥിരംഡ്രൈവർമാരെ എത്തിച്ചതോടെ ഡ്യുട്ടി ഇല്ലാതായതെന്നും, ജോലിയില്ലാതെ നിലക്കലിൽ തുടരേണ്ട ഗതികേടിലാണെന്നും ഡ്രൈവർമാർ പറഞ്ഞു.

നിലക്കലിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ച് അറിയാനെത്തിയ യുഡിഎഫ് എംഎൽഎമാർക്ക് മുന്നിൽ കെഎസ്ആർടിസി താത്കാലിക ഡ്രൈവർമാർ പരാതിയും ദുരിതവും നിരത്തി. മണ്ഡലകാലത്ത് ജോലി പ്രതീക്ഷിച്ചാണ് എത്തിയത്. എന്നാൽ, ഡ്യുട്ടിയില്ല, വേതനവുമില്ല. രണ്ടുമാസം ഡ്യുട്ടിയുണ്ടാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും,  സ്ഥിരംജീവനക്കാർ വന്നതോടെ തങ്ങൾ പുറത്തായെന്ന് അവർ പറയുന്നു. ഇത് നേരത്തെ പറഞ്ഞിരുന്നില്ല. ജോലിയില്ലാതെ നിലക്കലിൽനിർത്താതെ അതാത് ഡിപ്പോകളിലേക്കെങ്കിലും തിരിച്ചുവിടണമെന്നാണ് അപേക്ഷ. പരാതികേട്ട മുൻ ഗതാഗതമന്ത്രികൂടിയായ തിരുവഞ്ചൂർ കെഎസ്ആർടിസി എംഡിയെ വിളിച്ചു പരിഹാരം ആവശ്യപ്പെട്ടു. 

ദുരിതംനിറയുന്ന നിലക്കലിലെ താമസത്തെക്കുറിച്ചും, ഭക്ഷണമില്ലാത്തതിനെകുറിച്ചും പരാതിപറഞ്ഞിട്ട് അധികൃതർക്ക് അനക്കമില്ലെന്നും ജീവനക്കാർ പറയുന്നു. പിഎസ്‌സി ലിസ്റ്റിൽ ഇടംപിടിച്ചു ഇപോഴും താത്കാലിക ജീവനക്കാരായി തുടരേണ്ട അവസ്ഥയെക്കുറിച്ചും  പരാതി പറഞ്ഞ് മടുത്തു. ഈ അവഗണന അവസാനിപ്പിക്കാൻ നടപടിയാണ് ഇവരുടെ ആവശ്യം.