സിപിഎമ്മിനെ വെട്ടിലാക്കി പി മോഹനൻ; 'തീവ്രവാദി'പ്രസ്താവന വിവാദം

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവന സിപിഎമ്മിനെ വെട്ടിലാക്കി. ഏത് ഇസ്ലാമിക തീവ്രവാദി സംഘടനയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേരളത്തില്‍ ജിഹാദി–ചുവപ്പ് ഭീകരതയാണെന്ന് ആരോപിക്കുന്ന ബിജെപിക്കും മോഹനന്റെ പ്രസ്താവന ആയുധമായി. 

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ രണ്ട് പാര്‍ട്ടിയംഗങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ തുടര്‍ന്ന് സിപിഎമ്മിലുണ്ടായ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് പി.മോഹനന്റെ പ്രസംഗം. മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോടുള്ള ഇസ്ലാമിക സംഘടനകളാണെന്ന പ്രസ്താവന ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിന് തിരിച്ചടിയായി. ഏതു സംഘടനകളാണിതെന്നും തെളിവെന്താണെന്നും പ്രതിപക്ഷം ചോദിച്ചതോടെ മറുപടി പറയേണ്ടത് സിപിഎമ്മിന്റെ ബാധ്യതയായി.

ജിഹാദി–ചുവപ്പ് ഭീകരതയാണ് കേരളത്തിലെന്ന് വാദിച്ചിരുന്ന ബിജെപി–സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് പി.മോഹനന്റെ പ്രസ്താവന ആവേശമായി. ബിജെപി ചുവപ്പുഭീകരതയെന്ന് ഉദ്ദേശിച്ചത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയായിരുന്നു. പി.മോഹനന്‍ ഉദ്ദേശിക്കുന്നത് മാവോയിസ്റ്റുകളെയും.

മോഹനന്റെ പ്രസ്താവനയെ ലഘൂകരിച്ച് അപ്രസക്തമാക്കാനാണ് സിപിഎം ശ്രമം. എന്നാല്‍ മുസ്ലീം നാമധാരികള്‍ യുഎപിഎ കേസില്‍ കുടുങ്ങിയതിന് പിന്നാലെയുള്ള ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഉടനെങ്ങും തീരില്ല.