വെറും രണ്ട് മണിക്കൂർ! മുക്കം ബീച്ച് ക്ലീൻ; വിദേശി കുടുംബത്തിന് കയ്യടി

വൈകുന്നേരം കാറ്റ് കൊള്ളാന്‍ കൊല്ലം മുക്കം ബീച്ചിലെത്തിയതാണ് വിദേശികള്‍. കണ്ടതാകട്ടേ കടപ്പുറമാകെ ചിതറി കിടക്കുന്ന മാലിന്യം. മറ്റൊന്നുമാലോചിക്കാതെ അവര്‍ കുടുംബസമേതം ബീച്ച് വൃത്തിയാക്കി.

ആയുര്‍വേദ ചികില്‍സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരാണ്. വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങിയതാണ്. മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് മടങ്ങാന്‍ വിദേശികള്‍ തയാറായില്ല. പത്തു പേരടങ്ങുന്ന സംഘം രണ്ടു മണിക്കൂറുകൊണ്ട് കടപ്പുറമങ്ങ് വൃത്തിയാക്കി. വിദേശികളൊടൊപ്പം ചില നാട്ടുകാരും ചേര്‍ന്നു. മറ്റു ചിലര്‍ പതിവു പേലെ ശുചീകരണ പ്രവര്‍ത്തനം നോക്കി നിന്നു. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നിര്‍വൃതി അടഞ്ഞു.